കാസര്‍കോടിന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ ; എയിംസ് അനുവദിക്കാനാവില്ലെന്ന് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി

കാസര്‍കോട്: എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, കാസര്‍കോടിന്റെ പ്രതീക്ഷകളെ തകര്‍ത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കത്ത്. കോഴിക്കോട് ജില്ലയിലെ കിനാനൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള 200 ഏക്കര്‍ സ്ഥലത്ത് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കാവുന്നതാണെന്ന് 2017 ജനുവരിയില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം നിലവില്‍ പരിഹരിക്കാന്‍ ആവില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ദിലീപ് സി.ഡി. കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനെ അറിയിച്ചത്.
എയിംസ് കാസര്‍കോട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 19ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് നിവേദനം അയച്ചിരുന്നു. ഇതിനുള്ള മറുപടിയായി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി നാഗേഷ് ഷെട്ടിക്ക് രേഖാമൂലം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം ഉയരുകയും കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകളും കൂട്ടായ്മകളും ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എയിംസിന് വേണ്ടിരാഷ്ട്രീയ കക്ഷികള്‍ അടക്കം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരുങ്ങുന്നതിനിടെയാണ് കാസര്‍കോടിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അറിയിപ്പുണ്ടായത്. ആരോഗ്യ മേഖല ദുര്‍ബലമായ കാസര്‍കോട്ട് ഏത് വിധേനയും എയിംസ് സ്ഥാപിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ച് മുന്നോട്ട് പോകുമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍കുഞ്ഞി പറഞ്ഞു.

