ലാപ്ടോപ് വാഗ്ദാനം മാത്രം: കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി

ബദിയടുക്ക ∙ കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിയിൽ ചേർന്നാൽ ലാപ്ടോപ് ലഭിക്കുമെന്ന വാഗ്ദാനത്തിൽ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി. 20,000 രൂപ അടച്ചു ലാപ്ടോപ്, ടാബ്ലറ്റ് വാങ്ങിയ ബില്ലുമായി വരുന്നവർക്ക് ഇത്രയും തുക വായ്പ നൽകുമെന്ന കെഎസ്എഫ്ഇ നിർദേശമാണു പ്രതിഷേധത്തിനിടയാക്കിയത്. നൽകാമെന്നേറ്റ കമ്പനികൾ ഇത്രയും തുകയ്ക്കു ലാപ്ടോപ് നൽകാതെ വീഴ്ച വരുത്തിയതോടെയാണു ചിട്ടിയിൽ ചേർന്നവർ വെട്ടിലായത്. ചേരുന്ന സമയത്ത് 30 മാസം 500 രൂപ വീതം തവണകളായി നൽകാമെന്നാണ് ആദ്യം നിർദേശം ലഭിച്ചത്.
1500 രൂപ അടയ്ക്കുമ്പോൾ തന്നെ ലാപ്ടോപ് ലഭിക്കുമെന്ന നിർദേശത്തിൽ ചേർന്നവർക്ക് 12 മാസമടച്ചിട്ടും ലാപ്ടോപ് ലഭിച്ചില്ല. 20,000 രൂപ ചെലവിട്ടു ലാപ്ടോപ് വാങ്ങിയ ബില്ല് നൽകിയാൽ ഇത്രയും തുക വായ്പ നൽകാമെന്നാണു പുതിയ നിർദേശം. ബദിയടുക്ക പഞ്ചായത്തിൽ 50 പേരും എൻമകജെയിൽ 140പേരുമാണു ചേർന്നിട്ടുള്ളത്. ഇതു പ്രതീക്ഷിച്ച വിദ്യാർഥികൾ ലാപ്ടോപില്ലാതെ എസ്എസ്എൽസിയും പ്ലസ്ടുവും ബരുദവും കഴിഞ്ഞിറങ്ങി. ലാപ്ടോപ് വേണ്ട അടച്ച തുക മതിയെന്ന് ആവശ്യപ്പെട്ടവർക്കും അടച്ച തുക ലഭിക്കില്ല.
ഇതോടെ കമ്പനികളുടെ ഗുണമേന്മയുള്ള ലാപ്ടോപ് ലഭിക്കുമെന്ന പ്രതീക്ഷയിൽ തവണകളായി പണടമച്ച നിർധനരായ കുടുംബശ്രീ അംഗങ്ങളാണു വെട്ടിലായത്. കുടുംബശ്രീ സഹായത്തോടെ കെഎസ്എഫ്ഇ ഈ ചിട്ടി നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ലോക്ഡൗൺ കാലത്ത് ഓൺലൈൻ പഠനം നടത്തുന്നതിനാണു വിദ്യാർഥികളുള്ള കുടുംബശ്രീ അംഗങ്ങൾ ഇതിൽ ചേർന്നത്. ഇതിനിടെ മുൻപു നിർദേശിച്ച തുകയ്ക്കു മികച്ച കമ്പനികളുടെ ലാപ്ടോപ് ലഭിക്കില്ലെന്നും 18000 രൂപ അടയ്ക്കണമെന്നും നിർദേശം വന്നു. അടച്ച പണം തിരിച്ചു നൽകുകയോ ലാപ്ടോപ് നൽകുകയോ വേണമെന്നാണ് ചിട്ടിയിൽ ചേർന്നവർ ആവശ്യപ്പെടുന്നത്

