ഇന്ത്യയില്‍ പെട്രോള്‍വില ഇനിയും കുതിക്കും; സര്‍ക്കാരുകള്‍ക്കിത് നിലനില്‍പ്പിന്റെ ഇന്ധനം

കോവിഡ് ഉയർത്തുന്ന പുതിയ ഭീഷണിയിൽ ലോക എണ്ണ വിപണി താഴേക്കു കൂപ്പു കുത്തുന്നു. കഴിഞ്ഞ നാലു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ബ്രെൻഡ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.41 ഡോളർ നഷ്ടത്തിൽ 69.29 ഡോളറിനാണ് ഓഗസ്റ്റ് ഒൻപതിനു കച്ചവടം നടന്നത്. ഇത് വെള്ളിയാഴ്ചത്തെ വിലയിൽനിന്ന് 2 ശതമാനം കുറവാണ്. കഴിഞ്ഞയാഴ്ചത്തെ നഷ്ടം 4 ശതമാനമാണ്. വാതകങ്ങളുടെ വിലയും താഴോട്ടാണ്. ഡെൽറ്റ വൈറസിന്റെ പുതിയ രൂപാന്തരം കോവിഡ് വ്യാപനം പിന്നെയും കൂട്ടുമെന്നും ലോകം ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. TOP NEWS ക്രൂഡ് വില 4 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പെട്രോള്‍, ഡീസല്‍ വില കുറയുന്നില്ല ‘ലോക വിപണി ചുരുങ്ങുന്ന ചിത്രമാണ് എണ്ണവില കാണിച്ചു തരുന്നത്. ഡെൽറ്റയുടെ പുതിയ രൂപം പലയിടങ്ങളിലും അക്രമം തുടങ്ങിക്കഴിഞ്ഞു. അതിൽനിന്നും വിപണികൾ രക്ഷപ്പെടാൻ സ്വീകരിക്കുന്ന തന്ത്രങ്ങളെ തുടർന്നാണ് ഉൽപന്നങ്ങളുടെ വിലകൾ താഴോട്ട് പോകുന്നത്…’ സിംഗപ്പുർ ബാങ്കായ ഒസിബിസിയിലെ എക്കണോമിസ്റ്റ് ഹൊവി ലീ പറയുന്നു. ‘കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന രോഗ വ്യാപനത്തിനാണ് യുഎസ് സാക്ഷ്യം വഹിക്കുന്നത്. ഇത് ഒന്നു കൂടി മുകളിലേക്കു പോയതിനു ശേഷമേ, വീണ്ടും താഴേക്കു വരൂ…’ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈന, ആഭ്യന്തര വിമാന സർവീസുകളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. പല നഗരങ്ങളിലും യാത്രാ വിലക്കുകളുമുണ്ട്. ഒളിംപിക്സിന് തിരശ്ശീല വീണതോടെ ജപ്പാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. യൂറോപ്പും കാനഡയും ഓസ്ട്രേലിയയുമെല്ലാം അടുത്തുതന്നെ നിയന്ത്രണങ്ങൾ കടുപ്പിക്കും. സമ്പന്ന രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ എണ്ണയുടെ ഉപഭോഗവും വളരെ കുറയും. അതോടെ വില ഇനിയും താഴുമെന്നാണ് വിപണി നൽകുന്ന സൂചന. ലോക വിപണിയിൽ എണ്ണ വില കുറഞ്ഞാലും, ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ല. കോവിഡ് നിയന്ത്രണത്തിനും സാമ്പത്തിക ഉത്തേജനത്തിനുമായി 61 ലക്ഷം കോടി രൂപ അധികമായി ഇന്ത്യയ്ക്കു കണ്ടെത്തേണ്ടതായിട്ടുണ്ട്. ധനകമ്മി ജിഡിപിയുടെ 10 ശതമാനത്തിന് അടുത്തെത്തി നിൽക്കുന്നതുകൊണ്ട്, വലിയ രീതിയിൽ കടമെടുക്കുന്നത് നല്ല നീക്കമല്ല. അതിനാൽ രാജ്യം ആഭ്യന്തര വിഭവ സമാഹരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതുകൊണ്ടുതന്നെ ലോക വിപണിയിൽ എണ്ണയുടെ വില താഴ്ന്നാലും, ഇന്ത്യൻ വിപണിയിൽ വില മുകളിലേക്കു പോയ്ക്കൊണ്ടിരിക്കും. തന്നെയുമല്ല, പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചാൽ, സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വമ്പിച്ച ഇടിവുണ്ടാകും. വിൽപന നികുതി കയ്യിൽനിന്നു പോയതോടെ, കേരളമുൾപ്പടെ പല സംസ്ഥാനങ്ങളുടെയും മുഖ്യ വരുമാന മാർഗം ഇവയിൽ നിന്നുള്ള നികുതികളാണ്. അതിൽ കുറവുണ്ടായാൽ, ജിഎസ്‌ടി വിഹിതത്തിനും മറ്റു കേന്ദ്ര വിഹിതത്തിനുമായി അവർ മുറവിളി കൂട്ടും. അത് ഇന്ന് സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധികൾ നേരിടുന്ന മോദി സർക്കാരിന് കൂടുതൽ പ്രതിസന്ധികൾ തീർക്കും. അതുകൊണ്ടുതന്നെ ലോകത്ത് എണ്ണവില താഴുമ്പോഴും രാജ്യത്ത് എണ്ണവില മുകളിലേക്കുതന്നെ പോകാനാണു സാധ്യത

