150 കോടി വിലയിട്ടു; 52 കോടിക്ക് വിറ്റുപോയി മല്യയുടെ കിങ്ഫിഷര്‍ ഹൗസ്

9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണ്. ഇതിനൊപ്പം മല്യയുടെ ആസ്ഥി വിറ്റ് പണം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. ഇപ്പോൾ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്സായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് 52 കോടി രൂപയ്ക്ക് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കിങ്ഫിഷർ ഹൗസം സ്വന്തമാക്കിയത്.
150 കോടി മൂല്യം നിശ്ചയിച്ച്, 2016 മാര്‍ച്ച് മുതൽ കിങ്ഫിഷർ ഹൗസ് വിൽക്കാൻ ശ്രമം നടന്നുവരികയായിരുന്നു. എന്നാൽ പല വിൽപ്പനയും പരാജയമായി. ഒടുവിൽ 52 കോടി രൂപയക്കാണ് വിറ്റുപോയിരിക്കുന്നത്. ഈ തുക മല്യക്ക് പണം വായ്പ നല്കിയ ബാങ്കുകള്‍ക്കാണ് ലഭിക്കും. മല്യയുടെ ഓഹരികള്‍ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു. ആദ്യം 150 കോടി രൂപയ്ക്കും പിന്നീടു 10 ശതമാനം വിലകുറച്ച് 135 കോടിക്കും ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാൻ ആളെത്തിയില്ല. പിന്നീട് 115 കോടി രൂപ വിലയിട്ടും 17,000 ചതുരശ്ര അടി വരുന്ന മന്ദിരം ലേലത്തിനു വച്ചിരുന്നു.
കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ വ്യവസായി വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തന്നെ ഇന്ത്യക്കു കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും തള്ളിയിരുന്നു.

