കാസർഗോട്ടെ ആദ്യത്തെ ടെന്നീസ് കോർട്ട് നാടിന് സമർപ്പിച്ചു

കാസർഗോഡ് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല മാസ്റ്റര്‍ അബ്ദുല്ല മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തിന് സമീപമാണ് കോര്‍ട്ട് തുറന്നത്. പുതിയ താരങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനും പ്രതിഭകള്‍ക്ക് കാര്യക്ഷമമായ പരിശീലനം നല്‍കാനുമുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
കാസര്‍കോട് ടെന്നിസ് കോര്‍ട്ട് കൊണ്ട് വരുന്നതിനായി പ്രയത്‌നിച്ച ജില്ലാ കളക്ടറെയും ജനപ്രതിനിധികളെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും മന്ത്രി അഭിനന്ദിച്ചു.എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു റിപോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാന്‍, ഗെയില്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ആന്റണി ഡിക്രൂസ് സംബന്ധിച്ചു.
റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്റ് ഭൂമിയിലാണ് കോര്‍ട്ട് സ്ഥാപിച്ചത്. ജില്ലാ ടെന്നിസ് അക്കാദമിയായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഗെയിലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ലഭ്യമാക്കിയിരുന്നു. കോവിഡ്-19 നിയന്ത്രണങ്ങള്‍ ഒഴിവായാല്‍ പൊതുജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ ഒമ്ബത് വരെയും വൈകുന്നേരം ഏഴു മുതല്‍ അര്‍ധരാത്രി 12 വരെയും ടെന്നീസ് കോര്‍ട്ട് ഉപയോഗിക്കാം. മണിക്കൂറിന് 250 രൂപയാണ് നല്‍കേണ്ടത്. പ്രവേശന ഫീസായി 1000 രൂപയാണ് ഈടാക്കുക. രണ്ട് പേര്‍, നാലുപേര്‍ എന്നിങ്ങനെ ഗ്രൂപ്പായി കളിക്കാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് നാല് റാക്കറ്റും ടെന്നീസ് ബോളും 250 രൂപ ഈടാക്കി വാടകക്ക് നല്‍കുന്നതാണ്. 200 വാട്‌സ് വീതമുള്ള നാലു ഫ്‌ലഡ് ലൈറ്റ് ലാംപുകള്‍ വീതം നാലിടങ്ങളിലായി 9 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുവാനും ഗ്രൗണ്ട് നനക്കുവാനുള്‍പ്പടെയുള്ള വെള്ളവും അക്കാദമിയിലേക്കാവശ്യമായ വൈദ്യുതിയും സൗജന്യമായി ലഭ്യമാക്കാനുമുള്ള നടപടി സ്വീകരിക്കുന്നുണ്ട്.
സൗജന്യപരിശീലനം
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെയള്ള ബി പി എല്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കും. മറ്റുള്ളവരില്‍ നിന്നും നിശ്ചിത ഫീസ് വാങ്ങും. എല്ലാ ദിവസവും വൈകുന്നേരം നാല് മുതല്‍ 5.30 വരെയായിരിക്കും പരിശീലനം. ഇതിനായി പരിശീലകരെ നിയമിക്കും.
വേനലവധികളില്‍ അമ്ബത് വിദ്യാര്‍ത്ഥികള്‍ വീതമടങ്ങുന്ന രണ്ട് ബാച്ചുകള്‍ക്ക് പ്രത്യേക കോച്ചിങ്ങ് നല്‍കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരമുണ്ടാവുക. കോച്ചിങിന് നിശ്ചിത ഫീസ് വാങ്ങും. ഇതില്‍ നിര്‍ധനരായ 20 കുട്ടികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. രാവിലെ ഒമ്ബത് മുതല്‍ 11 വരെയും ഉച്ച കഴിഞ്ഞ മൂന്ന് മുതല്‍ 4.30 വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം നടത്തുക. ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കണ്‍വീനറുമായ മോണിറ്ററിങ് കമ്മിറ്റിയായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ജില്ലാ ടെന്നീസ് അസോസിയേഷനാണ് കോര്‍ട്ടിന്റെ സംരക്ഷണ ചുമതല നല്‍കിയിട്ടുള്ളത്. ടെന്നീസ് കോര്‍ട്ടിന് സമീപത്തു ഡ്രസിങ് റൂമും ശൗചാലയവും നിര്‍മിക്കുന്നുണ്ട്. കോര്‍ട്ടിന് ചുറ്റും മൂന്ന് മീറ്റര്‍ ഉയരത്തില്‍ കമ്ബി വേലിയുമുണ്ടാവും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ശാന്തകുമാരി, പഞ്ചായത്ത് അംഗം എന്‍ എ മുഹമ്മദ് താഹിര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി വി ബാലന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് പി പി അശോകന്‍, എക്സിക്യുട്ടീവ് അംഗം വി പി ജാനകി, ജില്ലാ ടെന്നിസ് അസോസിയേഷന്‍ പ്രസിഡണ്ട് പി നാരായണന്‍, കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ നസീമുദ്ദീന്‍, എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

