KSDLIVENEWS

Real news for everyone

പണിതിട്ടും പണിതിട്ടും പണിതീരാപ്പാലം പള്ളിക്കര മേൽപ്പാലം പണിക്ക് മഴ മുടക്കം

SHARE THIS ON

നീലേശ്വരം: പണിതിട്ടും പണിതിട്ടും പണി പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണ് ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റേത്. രണ്ടുവർഷംമുൻപ് ആരംഭിച്ച പണി പലവിധ കാരണങ്ങളാൽ പല തവണ തടസ്സപ്പെട്ടിരുന്നു. ഇക്കുറി മഴയാണ് ‘പ്രധാന വില്ലൻ’.

കരാറേറ്റെടുത്ത എറണാകുളം ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനിക്ക് പണി പൂർത്തിയാക്കാൻ അധികൃതർ നൽകിയ കാലാവധി നവംബർ 27 വരെയാണ്. എന്നാൽ, ഈ കാലാവസ്ഥയിൽ അത് സാധിക്കുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. നിലവിൽ നിർമാണത്തിലെ പ്രധാന ഘട്ടമായ കോമ്പോസിറ്റ് ഗൈഡർ സ്ഥാപിക്കലാണ് നടക്കാനുള്ളത്.


ലോക്‌ഡൗൺ കാരണം ഈ ഗൈഡറുകൾ മാസങ്ങൾ വൈകിയാണ് ചെന്നൈയിൽനിന്നും പള്ളിക്കരയിലെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ സാമഗ്രികൾ ഇനിയും എത്താനുമുണ്ട്. പാളത്തിന്റെ ഇരുവശത്തുമുള്ള റോഡിന്റെ പണിയും തുടരാൻ പറ്റുന്നില്ല. മഴ കാരണം മണ്ണ് നിറയ്ക്കാൻ പറ്റാത്തതാണ് ഇതിന് കാരണം. ചുരുക്കിപ്പറഞ്ഞാൽ ഇനിയും കുറച്ചുകാലം ദേശീയപാതയിലെ ജനങ്ങളുടെ ദുരിതയാത്ര തുടരേണ്ടിവരും.

ഗൈഡർ സ്ഥാപിക്കാൻ മറ്റൊരു തടസ്സം


റെയിൽവേ പാളത്തിന് കുറുകേയുള്ള കോമ്പോസിറ്റ് ഗൈഡറുകൾ സ്ഥാപിക്കാൻ മഴമാറിയാലും സാമഗ്രികൾ എത്തിയാലും പോര. റെയിൽവേയുടെ അധീനതയിലുള്ള ഒൻപത് വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണം. ഇക്കാര്യം കരാറുകാർ റെയിൽവേ അധികൃതരെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുകൾ മാറ്റാൻ റെയിൽവേ ടെൻഡർ നടപടി നടന്നുവരികയാണ്.

ടെൻഡർ ഏറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കാൻ ഇനിയും കാലതാമസം പിടിച്ചേക്കും. റെയിൽവേയുടെ സ്ഥലത്ത് പാലത്തിനായി പൈലിങ് നടത്താൻ മൂന്നുവർഷം മുൻപ് നൽകിയ അപേക്ഷ മാസങ്ങൾക്ക് മുൻപാണ് അംഗീകരിച്ചത്.

വേഗത്തിലും എളുപ്പത്തിലും പൂർത്തീകരിക്കുന്ന ഇ.പി.സി. മാതൃകയിലാണ് പണിയെന്ന് പറയുന്നെങ്കിലും അതൊന്നും സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിൽ സർക്കാർ കാട്ടുന്നില്ലെന്നതാണ് ഇവിടെ വ്യക്തമാകുന്നത്.


ഇനിയും പണി വൈകാതിരിക്കാൻ ജനപ്രതിനിധികൾ ഇടപെട്ട് തടസ്സങ്ങൾ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 64.44 കോടി രൂപ ചെലവിടുന്ന പാലം 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായാണ് നിർമിക്കുക. പിന്നീട് ആറുവരിയാക്കാൻ കഴിയുംവിധമാണിത്.

തൊഴിലാളികൾ സജ്ജം

:കമ്പനി മുഴുവൻ സന്നാഹത്തോടെയാണ് നിൽക്കുന്നതെങ്കിലും മഴയും കോവിഡ് ബാധയും ജോലിയെ ബാധിക്കുന്നുണ്ട്. നിലവിൽ ഒരു തൊഴിലാളി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിച്ച് മഴയും മാറിയാൽ പണി വേഗത്തിലാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!