KSDLIVENEWS

Real news for everyone

കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ, ഒരു രാത്രി മുഴുവൻ നാടിനെ മുൾമുനയിൽ നിർത്തി കാട്ടാനക്കൂട്ടം

SHARE THIS ON

കാറഡുക്ക ∙ കോരിച്ചൊരിയുന്ന മഴയ്ക്കിടയിൽ ഒരു രാത്രി മുഴുവൻ എരിഞ്ചേരിയെ മുൾമുനയിൽ നിർത്തി കാട്ടാനക്കൂട്ടം. സംരക്ഷിത വനത്തിൽ നിന്നു 3 കിലോമീറ്ററോളം ദൂരം കടന്നെത്തിയ ആനക്കൂട്ടം ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. കൊളത്തിങ്കാലിൽ 2 ദിവസമായി തമ്പടിച്ചിരുന്ന ആനക്കൂട്ടം തിങ്കളാഴ്ച രാത്രിയിൽ വണ്ണാച്ചടവ്, ചെണ്ടത്തടി, എരിഞ്ചേരി പ്രദേശങ്ങളിൽ കണ്ണിൽ കണ്ടതൊക്കെ നശിപ്പിച്ചു. 8 ആനകളുടെ കൂട്ടമാണ് കൃഷി നശിപ്പിച്ചത്.

ഇതിൽ നിന്ന് 6 ആനകൾ ഒരു കൂട്ടമായി അർധരാത്രിയോടെ വണ്ണാച്ചടവിൽ സംസ്ഥാനാന്തര പാത മുറിച്ചു കടക്കാൻ ശ്രമിച്ചു. നാട്ടുകാരും വനപാലകരും തടഞ്ഞതിനാൽ റോഡ് മുറിച്ചു കടക്കാൻ കഴിഞ്ഞില്ല. ഇതോടെ ചെണ്ടത്തടി വഴി നേരെ എരിഞ്ചേരിയിലേക്ക് നീങ്ങി. പോയ പ്രദേശങ്ങളിലെ കൃഷിയൊക്കെ നശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങിയവയാണ് നശിപ്പിച്ചത്. തോട്ടങ്ങളിൽ സ്ഥാപിച്ച പൈപ്പ് ലൈനും ചവിട്ടിപ്പൊട്ടിച്ചു.

ജനജീവിതം ഭീതിയിൽ;എന്നുണരും അധികൃതർ

കൂട്ടത്തിൽ നിന്നു പിരിഞ്ഞ 2 ആനകൾ കൊളത്തിങ്കാലിലും നിൽക്കുന്നു. വനാതിർത്തി ഗ്രാമങ്ങൾ വിട്ട് ആനകൾ ജനവാസ മേഖലകളിലും ആക്രമണം തുടങ്ങിയതോടെ ജനങ്ങളൊന്നാകെ ഭീതിയിലാണ്. വനംവകുപ്പിന്റെ നിസ്സംഗതയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ആർആർടിയിലെ 3 പേരും കാറഡുക്ക സെക്ഷനിലെ വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ് ആനകളെ തടയാനുള്ളത്. പടക്കം മാത്രമാണ് ഇവരുടെ ആയുധം. ‌ശക്തമായ മഴയിൽ പടക്കം പൊട്ടിക്കാനും കഴിയുന്നില്ല. വനംവകുപ്പ് ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ ബോവിക്കാനം, മുള്ളേരിയ ടൗണുകളിൽ പോലും ആനകളെത്തുന്ന കാലം വിദൂരമല്ലെന്ന മുന്നറിയിപ്പാണ് കർഷകർ നൽകുന്നത്.

നശിപ്പിച്ചത് 17 പേരുടെ കൃഷി

എരിഞ്ചേരി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്ക് വരെ ആനകളെത്തി. 17 പേരുടെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. ഇതിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും ആനകളെത്തുന്നത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. പുലർച്ചെ 6 മണി വരെ ആനകളുടെ താണ്ഡവം നീണ്ടു. നേരം വെളുത്തതോടെ ശാന്തിനഗറിലെ സ്വകാര്യ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം പകൽ മുഴുവൻ അവിടെ കഴിഞ്ഞു. സംസ്ഥാനാന്തര പാതയിൽ നിന്നു 50 മീറ്റർ മാത്രം അകലെയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!