KSDLIVENEWS

Real news for everyone

നീതി തേടി മാതാപിതാക്കൾ; നൊമ്പരമായി അദാലത്ത്

SHARE THIS ON

കാഞ്ഞങ്ങാട് ∙ മക്കളിൽ നിന്നു നീതി തേടി പ്രായമായ മാതാപിതാക്കൾ മെയിന്റനൻസ് ട്രൈബ്യൂണൽ അദാലത്തിലെത്തി. പ്രായമായ തങ്ങളെ മക്കൾ നോക്കുന്നില്ലെന്ന പരാതിയാണ് അദാലത്തിലെത്തിയ കൂടുതൽ പേരും പറഞ്ഞത്. 6 മക്കളുണ്ടായിട്ടും വാടക ക്വാട്ടേഴ്സിൽ താമസിക്കേണ്ടി വന്ന അമ്മയടക്കം ഇവരുടെ ഇടയിലെ നൊമ്പരക്കാഴ്ചയായി. കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷമായി കൗൺസിലിങ് നടന്നിരുന്നില്ല. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അദാലത്ത് നടത്തിയത്. ജില്ലയിൽ ആകെ 120 പരാതികളാണ് ഇത്തരത്തിലുള്ളത്.

ഇതിൽ 23 പരാതികളാണ് ഇന്നലെ നടന്ന അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 14 പരാതികളില്‍ തീർപ്പ് കൽപിച്ചു. പരാതിയുമായി എത്തിയവർ ആദ്യം കൗൺസിലർമാരുടെ മുന്‍പില്‍ കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു മേശയ്ക്കു ചുറ്റും പരാതിക്കാരെയും ബന്ധുക്കളെയും ഇരുത്തി കൗൺസിലർ പരാതി പരിഹാരം നടത്തി. ഇവരുടെ അടുത്തു നിന്ന് ഒത്തു തീർപ്പിലെത്തിയ ശേഷമാണ് മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിങ് ഓഫിസർ ഡോ. ഡി.ആർ.മേഘശ്രീ പരാതിയിൽ തീർപ്പ് കൽപിച്ചത്.

സാമൂഹിക നീതി ജില്ലാ ഓഫിസർ ഷീബ മുംതാസ്, സീനിയർ സൂപ്രണ്ട് പി.പ്രമോദ്, സതീശൻ മടിക്കൈ, ശൈലേഷ് കുമ്പള എന്നിവർ സന്നിഹിതരായി. കൗൺസിലർമാരായ എം.കുഞ്ഞമ്പു പൊതുവാൾ, കെ.സുകുമാരൻ, കെ.അബൂബക്കർ ഹാജി എന്നിവർ നേതൃത്വം നൽകി. നെഹ്റു കോളജ് എൻഎസ്എസ് വൊളന്റിയർമാർ പരാതിക്കാർക്ക് വേണ്ട സഹായം നൽകി. കാഞ്ഞങ്ങാട് നന്മമരം പ്രവർത്തകർ അദാലത്തിലെത്തിയവർക്ക് വെള്ളവും ഭക്ഷണവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!