ഈദ് ഒരുക്കത്തിനിടെ നടത്തിയ മലേഗാവ് ഭീകരാക്രമണത്തിന് 13 വർഷം; എങ്ങുമെത്താതെ വിചാരണ

മുംബൈ: ആറോളം പേരുടെ മരണത്തിനും നൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കിയ രണ്ടാം മാലേഗാവ് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു. പ്രജ്ഞാസിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴു പേർ പ്രതികളായ കേസിൽ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. യു.എ.പി.എ ചുമത്തിയാണ് വിചാരണ. അതിന് മുമ്പ് 2006ൽ മാലേഗാവിൽ 35 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലും ഇതേ സംഘത്തിന്‍റെ ഇടപെടലുകൾ കണ്ടെത്തിയിരുന്നു. മുഖ്യപ്രതികളിലൊരാളയ പ്രജ്ഞാസിങ് ഠാക്കൂർ നിലവിൽ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്.
ചെറിയപെരുന്നാൾ ആഘോഷത്തിനായി ജനങ്ങൾ ഒരുങ്ങുന്നതിനിടെ 2008 സെപ്റ്റംബർ 29 ന് രാത്രിയാണ് മാലേഗാവിലെ ഭിക്കു ചൗക്കിൽ സ്ഫോടനമുണ്ടായത്. കേസന്വേഷണം ഏറ്റെടുത്ത ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ് ) സ്ഫോടനം നടന്ന് മാസത്തിനകം പ്രതികളെ പിടികൂടി. പ്രജ്ഞാസിങ്ങ് ഠാക്കൂറാണ് ആദ്യം അറസ്റ്റിലായത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ ലഫ്. കേണൽ പ്രസാദ് പുരോഹിത് രൂപംനൽകിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് എ.ടി.എസിന്റെ കണ്ടെത്തൽ. സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന നിലക്ക് സംഘടനയിൽ നുഴഞ്ഞു കയറിയതാണെന്നും സ്ഫോടനത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നുമാണ് പുരോഹിതന്റെ എതിർവാദം.

