ആറു മാസത്തിനിടെ 6000 ജീവനക്കാരെ നിയമിക്കുമെന്ന് എമിറേറ്റ്സ്

ദുബൈ: അടുത്ത ആറു മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ദുബൈയുെട ഔദ്യോഗിക എയർലൈനായ എമിറേറ്റ്സ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. പൈലറ്റ്, കാബിൻ ക്രൂ, എൻജിനീയറിങ് സ്പെഷലിസ്റ്റ്, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കാനാണ് പദ്ധതി. എമിറേറ്റ്സിെൻറ 90 ശതമാനം സർവിസുകളും പുനരാരംഭിച്ചതായി എമിറേറ്റ്സ് ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. മഹാമാരിക്ക് മുമ്പുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വർഷം അവസാനത്തോടെ തിരികെയെത്തും. 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത് സാമ്പത്തിക സ്ഥിതിക്ക് കരുത്ത് പകരുന്നതിനൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്സ് ഉൾപ്പെടെയുള്ള എയർലൈനുകൾ ചെലവ് ചുരുക്കലിെൻറ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. സർവിസുകൾ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നത്. സെപ്റ്റംബറിൽ 3000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവിസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചിരുന്നു. ദുബൈയിൽ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. മിഡ്ൽ ഇൗസ്റ്റിലെ വ്യോമയാന മേഖലയിൽ രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളാണ് വൈകാതെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്. അടുത്ത 20 വർഷത്തെ പദ്ധതികൾ ലക്ഷ്യമിട്ടാണ് കൂടുതൽ ജീവനക്കാരെ എടുക്കുന്നത്. എമിറേറ്റ്സിനു പുറമെ ഇത്തിഹാദ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ റിക്രൂട്ട്മെൻറ് നടത്തുന്നുണ്ട്. 1.96 ലക്ഷം പുതിയ ജീവനക്കാരെയാണ് മിഡ്ൽ ഇൗസ്റ്റിലെ വ്യോമയാന മേഖല ലക്ഷ്യമിടുന്നത്. 54,000 പൈലറ്റ്, 51,000 സാേങ്കതിക വിദഗ്ധർ, 91,000 കാബിൻ ക്രൂ എന്നിവർ ഉൾപ്പെടുന്നു. ബോയിങ്ങാണ് ഇക്കാര്യം അറിയിച്ചത്. 2040ഒാടെ 3000 പുതിയ വിമാനങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിന് 2.75 ട്രില്ല്യൺ ദിർഹമിെൻറ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം വ്യോമയാന മേഖലയിലേക്ക് ദുബൈയിൽ റിക്രൂട്ട്മെൻറ് നടന്നിരുന്നു. എന്നാൽ, ഉദ്യോഗാർഥികൾ ഒഴുകിയെത്തിയതോടെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിെൻറ പേരിൽ ഇൻറർവ്യൂ നിർത്തിവെച്ചിരുന്നു. എങ്ങനെ അപേക്ഷിക്കാം? എമിറേറ്റ്സിെൻറ വെബ്സൈറ്റിൽ (emirates.com) ഏറ്റവും താഴെയെത്തിയാൽ കരിയർ എന്ന ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് യൂസർ നെയിമും പാസ്വേഡും നൽകണം. പുതിയതായി സൈറ്റിലെത്തുന്നവർക്ക് പുതിയ യൂസർനെയിമും പാസ്വേഡും നൽകാനുള്ള സംവിധാനമുണ്ട്. ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. അവ പരിശോധിച്ചശേഷം അപേക്ഷിക്കാം. കാബിൻ ക്രൂവിന് 9770 ദിർഹമാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) ശമ്പളം. 80 മുതൽ 100 മണിക്കൂർ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തിൽ മാറ്റം വരും. ക്യാപ്റ്റന്മാർക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തിൽ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ ക്യാപ്റ്റന്മാർക്ക് 43,013 ദിർഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം. 85 മണിക്കൂറാണ് ജോലി.

