അമരീന്ദര്‍ സിങ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേര്.
രാവിലെ 11 പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പഞ്ചാബ് നിയമസഭ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം.
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ്ങ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ തിയതിയോ പാര്‍ട്ടിയുടെ പേരോ വ്യക്തമാക്കിയിരുന്നില്ല. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ബി.ജെ. പിയിലേക്ക് പോകുമെന്ന വാര്‍ത്തകളും ശക്തമായിരുന്നു. എന്നാല്‍ അത് നിഷേധിച്ച അമരീന്ദര്‍ സിങ് സഖ്യ സാധ്യത തള്ളി കളഞ്ഞിട്ടുമില്ല.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുമായി സഹകരിക്കുമെന്നും അമരീന്ദര്‍ സിങ് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ അമരീന്ദര്‍ സിങിനെ കൂടെ കൂട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ. പിയുടെയും വിലയിരുത്തല്‍. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡുമായി ഉടക്കി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്.

