KSDLIVENEWS

Real news for everyone

ഹരിത നേതാക്കളുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ പി കെ നവാസിനെതിരെ കുറ്റപത്രം

SHARE THIS ON

കോഴിക്കോട്: എംഎസ്‌എഫ് നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എംഎസ്‌എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. നവാസിനൊപ്പം ഇയാള്‍ക്കെതിരെയും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. ഈ മാസം 2 നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ കോടതി നാലില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. ഐപിസി 354 എ പ്രകാരം ലൈംഗികാധിക്ഷേപം, ഐപിസി 509 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍
എന്നിങ്ങനെയാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

എംഎസ്‍എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹരിത നേതാക്കള്‍ രംഗത്തെത്തിയ മുസ്ലിം ലീഗിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. വനിതാ കമ്മീഷന് മുന്നിലാണ് ഹരിത നേതാക്കള്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറുകയും തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചത്.

– ‘സംസ്ഥാനത്ത് പെട്രോള്‍ നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം’; കെ സുരേന്ദ്രന്‍

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്‌എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ‘വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും’ എന്ന് പരാമര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുല്‍ വഹാബിന്‍റെയും പ്രതികരണം.

എംഎസ്‌എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!