കഞ്ചാവ് കടത്തുകേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

കാസർകോട്∙ കഞ്ചാവ് കടത്തുകേസിൽ ജയിൽ കഴിയുന്ന യുവാവിനെതിരെ കാപ്പ ചുമത്തി. ഉളിയത്തടുക്ക ബിലാൽ നഗറിലെ ഇ.കെ.അബ്ദുൽ സമദാനി (അബ്ദുൽ സമദ് 28)നെതിരെയാണു പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറാണു കാപ്പ ചുമത്തി ഉത്തരവിട്ടതെന്നു ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. ലഹരിമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസർകോട്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അബ്ദുൽ സമദാനി.
20 കിലോ കഞ്ചാവ് പിടിച്ച കേസിൽ വിദ്യാനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ലഹരിമരുന്നു ഉൾപ്പെടെ ഒന്നിലേറെ കേസുകളിൽ പ്രതിയാകുന്ന മുഴുവൻ ക്രിമിനലുകൾക്കും എതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു

