KSDLIVENEWS

Real news for everyone

ഹോട്ടലിലെ ഡിവിആര്‍ കൈമാറി; ഒരെണ്ണം കൂടി ബാക്കിയുണ്ട്, ഹാജരാക്കണമെന്ന് പോലീസ്

SHARE THIS ON

കൊച്ചി: മുൻ മിസ് കേരള വിജയികളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ ഹോട്ടലിലെ ഡി.വി.ആർ. പോലീസിന് കൈമാറി. ചൊവ്വാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരായ ‘നമ്പർ 18’ ഹോട്ടലുടമ റോയി വയലാട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആർ. പോലീസിന് കൈമാറിയത്. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങൾ സൂക്ഷിച്ച മറ്റൊരു ഡി.വി.ആർ. കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതും ഹാജരാക്കാൻ റോയി വയലാട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വൈകാതെ ഹാജരാക്കാമെന്നാണ് റോയി പോലീസിനെ അറിയിച്ചിരിക്കുന്നത്. റോയിയെ വിശദമായി ചോദ്യംചെയ്യുന്നത് തുടരുകയാണ്.


കഴിഞ്ഞ ദിവസം മുൻ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.


അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!