KSDLIVENEWS

Real news for everyone

ആർടിപിസിആർ: തന്നെയും കുടുംബത്തെയും വിമാനക്കമ്പനി വലച്ചെന്ന് മന്ത്രി ആന്റണി രാജു

SHARE THIS ON

ചെന്നൈ ∙ ആർടിപിസിആർ പരിശോധനയുടെ പേരിൽ തന്നെയും കുടുംബത്തെയും ചെന്നൈ വിമാനത്താവളത്തിൽ വിമാനക്കമ്പനി വലച്ചെന്നു മന്ത്രി ആന്റണി രാജു വെളിപ്പെടുത്തി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉയർന്ന സർക്കാർ പ്രതിനിധികളടക്കം ഇടപെട്ടാണു പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി ‘മനോരമ’യോടു പറഞ്ഞു. പ്രശ്നം സൃഷ്ടിച്ച സ്പൈസ് ജെറ്റ് അധികൃതർക്കെതിരെ എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു പരാതി നൽകുമെന്നും ആന്റണി രാജു പറഞ്ഞു.

സംഭവത്തെപ്പറ്റി മന്ത്രി പറയുന്നത്: പോർട്ട് ബ്ലെയറിലേക്കു പോകാൻ ഇന്നലെ പുലർച്ചെ അഞ്ചിനാണു കുടുംബത്തിനൊപ്പം എത്തിയത്. രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്ത രേഖകളുണ്ടായിട്ടും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു വിമാനക്കമ്പനി അധികൃതർ നിർബന്ധം പിടിച്ചു. തുടർന്നു കോവിഡ് പരിശോധനയ്ക്കു രാജ്യാന്തര ടെർമിനലിലേക്കു പോകേണ്ടി വന്നു. എന്നാൽ, പിന്നീട് നോർക്ക റൂട്സ് അധികൃതർ വഴി തമിഴ്നാട് സർക്കാർ പ്രതിനിധികളടക്കം ഇടപെട്ടു. ആശയക്കുഴപ്പം നീങ്ങിയതോടെ ബോർഡിങിനു ശ്രമിച്ചപ്പോൾ വിമാനക്കമ്പനി പ്രതിനിധികൾ വീണ്ടും തടസ്സം ഉന്നയിച്ചു. ഒടുവിൽ ഉയർന്ന ഉദ്യോഗസ്ഥർ എത്തിയാണു യാത്ര ചെയ്യാൻ വഴിയൊരുക്കിയതെന്നും തീർത്തും അനാവശ്യ പിടിവാശിയാണു കമ്പനി കാണിച്ചതെന്നും മന്ത്രി പറഞ്ഞു.

പോർട്ട് ബ്ലെയർ യാത്രയ്ക്കു 2 ഡോസ് വാക്സീൻ എടുത്ത രേഖകൾ മതിയെന്നിരിക്കെ വിമാനക്കമ്പനി എന്തിനാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണു മന്ത്രിയുടെ ചോദ്യം. ചെന്നൈ വിമാനത്താവള അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയോടു രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!