മോദി നേരിട്ട് സഖ്യത്തിന് ക്ഷണിച്ചു; വ്യക്തിപരമായി ആക്രമിക്കുന്നതിനോട് യോജിപ്പില്ല- ശരദ് പവാര്

മുംബൈ: മഹാരാഷ്ട്രയിൽ 2019ൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻ.സി.പിയുമായി സഖ്യമുണ്ടാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചുവെന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. മോദിയും മറ്റ് ബി.ജെ.പി നേതാക്കളും വിളിച്ച് സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. എന്നാൽ അപ്പോൾ തന്നെ അത് നിരസിക്കുകയാണ് ചെയ്തതെന്നും എൻ.സി.പി ദേശീയ അധ്യക്ഷൻ വെളിപ്പെടുത്തി. 2019 ൽ ബിജെപിയുമായി സഖ്യം ചേരാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ മഹാരാഷ്ട്രയിൽ അന്ന് ശക്തമായിരിക്കെയാണ് അജിത് പവാർ ബി.ജെ.പിയുമായി കൈകോർത്തത്.
അജിത് പവാറിനെ ശരദ് പവാർ അയച്ചതാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അന്ന് താനാണ് അതിന് മുൻകൈ എടുത്തതെങ്കിൽ അത്തരമൊരു സർക്കാർ മുന്നോട്ട് പോകേണ്ടതല്ലേയെന്നും പവാർ ചോദിച്ചു. മറാത്തി ദിനപത്രമായ ലോക്സത്തയുടെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ പ്രചാരണങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൻമോഹൻ സിങ്ങിനും ഇതേ നിലപാടായിരുന്നുവെന്നും പവാർ കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ മേധാവിത്വം ഉണ്ടെന്ന് പറയാൻ കഴിയില്ല. 50-50 ആണ് എല്ലാവർക്കും സാധ്യത. സംസ്ഥാനത്ത് മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തുന്ന റാലികൾ ഭരണവിരുദ്ധ വികാരമുണ്ടെന്നത് തിരിച്ചറിഞ്ഞതിനാലാണെന്നും പവാർ പറയുന്നു. യു.പി, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും പവാർ പറയുന്നു.
മോദിയെക്കുറിച്ചും പവാർ സംസാരിച്ചു. വാരണസിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള മോദിയുടെ തീരുമാനം ബി.ജെ.പിക്ക് വളരെ അധികം ഗുണം ചെയ്തു. യുപി പോലൊരു വലിയ സംസ്ഥാനത്തെ ജനങ്ങളെ തനിക്ക് പിന്നിൽ അണിനിരത്താനും ബിജെപിക്ക് നേട്ടമുണ്ടാക്കാനും അതിലൂടെ കഴിഞ്ഞുവെന്നും പവാർ പറഞ്ഞു. മോദി കഠിനാധ്വാനിയും ഭരണകാര്യങ്ങൾക്കായി ഒരുപാട് സമയം ചിലവഴിക്കുന്നയാളുമാണ്. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നും പവാർ പറയുന്നു.

