KSDLIVENEWS

Real news for everyone

കൊഴിഞ്ഞുപോക്ക് തടയാനാകാതെ ബി.ജെ.പി; പാര്‍ട്ടിവിട്ട എല്ലാവരെയും സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ്

SHARE THIS ON

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാനാകാതെ ബി.ജെ.പി. ഇതുവരെ നിശബ്ദമായി കരുക്കള്‍ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നല്‍കിയത്. മൂന്ന് മന്ത്രിമാരും ഘടകകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ 14 പേരെയാണ് 48 മണിക്കൂറിനിടെ ബി.ജെ.പി പാളയത്തില്‍ നിന്ന് അഖിലേഷ് തനിക്കൊപ്പം ചേര്‍ത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്രയും പേര്‍ പാര്‍ട്ടി വിട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി. കൂടുതല്‍ എം.എല്‍.എമാര്‍ ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ബി.ജെ.പി വിട്ട എല്ലാവരെയും എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് ബി.ജെ.പി പാളയത്തെ ഞെട്ടിച്ച്‌ എം.എല്‍.എമാരുടെ രാജി തുടരുന്നത്.രാജി വച്ച എം.എല്‍.എമാര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളതാണ് എന്നത് തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. പിന്നാക്ക വിഭാഗം നേതാവും ഷികോഹാബാദ് മണ്ഡലം എം.എല്‍.എ ഡോ. മുകേഷ് വര്‍മ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനും ഇന്നലെ രാജിവച്ചിരുന്നു. ഇവര്‍ക്ക് റോഷന്‍ ലാല്‍ വര്‍മ, ഭഗവതിപ്രസാദ്, സാഗര്‍ ബ്രജേഷ് പ്രജാപതി, വിനയ് സാക്യ എന്നിവരാണ് രാജിവച്ച മറ്റ് എം.എല്‍.എമാര്‍. ദലിത് പിന്നോക്ക വിഭാഗങ്ങളോട് ബി.ജെ.പി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു ഏഴുപേരുടെയും രാജി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ കൈവിടാതിരുന്ന ദലിത് പിന്നാക്ക വിഭാഗം വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്ക ബി.ജെ.പിയെ അലട്ടുന്നു. ബി.ജെ.പി കൂടുവിടുന്നവരില്‍ പലരും സമാജ് വാദി പാര്‍ട്ടിയിലേക്കാണ് പോകുന്നത്. പിന്നാക്കവിഭാഗം വോട്ടുകള്‍ എസ്.പിയിലേക്ക് ഏകീകരിച്ചാല്‍ തുടര്‍വിജയം ബി.ജെ.പിക്ക് ബുദ്ധിമുട്ടാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന അഭിപ്രായം യുപി ബി.ജെ.പിയില്‍ ഉയരുന്നുണ്ട്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ യോഗി മല്‍സരിച്ചിരുന്നില്ല. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായാണ് യോഗി മുഖ്യമന്ത്രി പദത്തിലെത്തിയത്. ഗൊരക്പൂര്‍ എം.പി സ്ഥാനം രാജി വച്ചാണ് 2017ല്‍ ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!