സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ചുകാണില്ല ഇതിലും മികച്ച ‘അവസരം’

മലപ്പുറം: ആ പൊലീസുകാരന് കിട്ടിയതുപോലെ ‘കിടിലന്‍ ഒരവസരം’ സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കുപോലും കിട്ടിക്കാണില്ല. ‘അവസരം’ മുതലാക്കി പൊലീസുകാരന് ആഞ്ഞടിച്ചു…കൃത്യമായി കൊണ്ടു. കിട്ടിയവനറിയാം അതിന്റെ വേദന. മലപ്പുറം കളക്ടറേറ്റിനുമുന്നിലായിരുന്നു ആ കിടിലന്‍ അടിനടന്നത്.മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യം ജലപീരങ്കിപ്രയോഗം. അതുകൊണ്ടും പിരിഞ്ഞുപോകാതെ വന്നതോടെ ലാത്തിച്ചാര്‍ജ്. പ്രകടനക്കാരെ വളഞ്ഞിട്ട് തല്ലി. അടികൊണ്ടവര്‍ നാലുപാടും ഓടി. ഇതിനിടെ വീണുപോയ സഹപ്രവര്‍ത്തകനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ യൂത്ത് കോണ്ഗ്രസുകാരന് ഓടിയെത്തി. ജലപീരങ്കിപ്രയോഗത്തില്‍ നനഞ്ഞൊട്ടിയ വസ്ത്രവുമായി അയാള്‍ കുനിഞ്ഞുനിന്നപ്പോഴായിരുന്നു പൊലീസുകാരന്റെ കിടിലന്‍ ഷോട്ട്. ഒരു ദയവും കാണിക്കാതെ ആ യുവാവിന്റെ പിന്‍ഭാഗത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.

