കാസർകോട് എൽഐസി ഓഫിസ്– പുലിക്കുന്ന് ടൗൺഹാൾ റോഡ് ഇന്നുമുതൽ വൺവേ

കാസർകോട് ∙ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിലെ ഒരു റോഡ് കൂടി ഇന്നു മുതൽ വൺവേ ആകുന്നു. കാസർകോട് എൽഐസി ഓഫിസിനോടു ചേർന്നുള്ള റോഡിലൂടെ പുലിക്കുന്ന് ടൗൺഹാൾ, അതിഥി മന്ദിരം, നഗരസഭാ കോൺഫറൻസ് ഹാൾ, തെരുവത്ത് എന്നിവിടങ്ങളിലേക്കായി പോകുന്ന റോഡിലാണു ഇന്നു മുതൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തുന്നത്. ഈ റോഡിലൂടെ പ്രസ്തുത സ്ഥലങ്ങളിലേക്കു പോകാം.
എന്നാൽ തിരിച്ചുള്ള യാത്ര കാസർകോട് നഗരസഭാ ഓഫിസിന്റെ മുന്നിലൂടെ ഗവ.ഹയർസെക്കൻഡറി സ്കൂളിനു ചേർന്നുള്ള റോഡിലൂടെയാകണം. പിഎസ്സി ഓഫിസിനോടും ഗവ.ഹയർസെക്കൻഡറി സ്കൂളിനോടു ചേർന്നുള്ള റോഡിൽ മുകൾ ഭാഗത്തേക്കുള്ള വാഹനയാത്ര നേരത്തെ നിരോധിച്ച് സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇന്നത്തോടെ പൂർണമായി പരിഷ്കാരം നടപ്പാക്കുമെന്നു നഗരസഭാധ്യക്ഷൻ വി.എം.മുനീർ, ട്രാഫിക് എസ്ഐ ടോണി ജെ.മറ്റം എന്നിവർ അറിയിച്ചു. അതിഥിമന്ദിരം, പുലിക്കുന്നിലെ ആശുപത്രി, ടൗൺഹാൾ, പൊതുമരാമത്ത് വകുപ്പ് കോംപ്ലക്സ്,
ആരാധാനാലയങ്ങൾ എന്നിവിടങ്ങളിലേക്കായി നൂറുകണക്കിനു വാഹനങ്ങളാണു ഇതുവഴി പോവുകയും തിരിച്ചുവരികയും ചെയ്യുന്നത്. എന്നാൽ ഇരുഭാഗങ്ങളിലേക്കായി വാഹനം പോകുന്നത് ഗതാഗത കുരുക്കിനു കാരണമാകുന്നതായി നഗരപരിധിയിലെ റോഡ് സുരക്ഷാ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണു റോഡ് വൺവേ ആക്കുന്നത്. നഗരത്തിൽ ട്രാഫിക് ജംക്ഷൻ–എംജി റോഡ് മത്സ്യമാർക്കറ്റ്, ഐസി ഭണ്ഡാരി റോഡ്, കെഎസ്ആർടിസി കെപിആർ റാവു റോഡ് , പഴയ ബസ് സ്റ്റാൻഡ് ഫസ്റ്റ് ക്രോസ് റോഡ് എന്നിവിടങ്ങളാണു നിലവിൽ വൺവേ റോഡുള്ളത്

