യുക്രെയ്ൻ: വീണ്ടും സൈനികരെ അയച്ച് ബൈഡൻ; യൂറോപ്പിൽ പടപ്പുറപ്പാ

ന്യൂയോർക്ക്∙ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പോളണ്ട്, ജർമനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാൻ തീരുമാനമായത്. ജർമനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും. ഇതു കൂടാതെ ഏതു നിമിഷവും യൂറോപ്പിലേക്ക് അയയ്ക്കാൻ 8,500 സൈനികരെ ആണ് സജ്ജരാക്കി നിർത്തിയിരിക്കുന്നത്.
നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്നും സൈന്യത്തെ അയയ്ക്കുന്നത് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകാനാണെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുന്നതിനല്ലെന്നും യുഎസ് സഖ്യകക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്റഗൺ അറിയിച്ചു.
ഒരു ലക്ഷം സൈനികരെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. എന്നാൽ യുക്രെയ്നിൽ അധിനിവേശം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ ആവർത്തിച്ചു പറയുന്നുമുണ്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനൊപ്പം യുക്രെയ്ൻ ചേരുന്നതിനെ റഷ്യ ശക്തമായി എതിർക്കുകയാണ്. സമാധാനം നിലനിർത്താൻ യുക്രെയ്ൻ ശ്രമിക്കുന്നില്ലെന്നും റഷ്യ കുറ്റപ്പെടുത്തി. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫോണിൽ സംസാരിച്ചു. റഷ്യ യുക്രെയ്നിന്റെ തലയ്ക്ക് മുകളിൽ തോക്ക് വച്ചിരിക്കുകയാണെന്ന് ബോറിസ് ജോൺസൻ നേരത്തെ ആരോപിച്ചിരുന്നു.
യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിനിടെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്

