ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വിവാഹ ചടങ്ങ് അലങ്കോലമാക്കാന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ശ്രമം

മധ്യപ്രദേശിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിവാഹ ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചു. വിവാഹത്തിനു മുന്‍പായി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
മധ്യപ്രദേശിലെ റായ്യ്സന്‍ ജില്ലയിലെ സമേരി കല ഗ്രാമത്തിലെ ആശാഭവന്‍ പള്ളിയില്‍ നടന്ന വിവാഹ ചടങ്ങാണ് ഒരുകൂട്ടം ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശമിച്ചത്. ആദിവാസികളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കിയ ശേഷം നടത്തുന്ന വിവാഹം ആണെന്നായിരുന്നു തടയാനെത്തിയവരുടെ വാദം. പള്ളിയില്‍ നടത്തുന്ന വിവാഹം ഹിന്ദുവിന്‍റെയാണോ അതോ ക്രിസ്ത്യാനിയുടേതാണോ എന്ന കാര്യം ഉറപ്പിക്കണമെന്നും ബജ്‌റംഗ്ദള്‍ ശാഠ്യം പിടിച്ചു. പള്ളിയില്‍ നടക്കുന്ന വിവാഹം,ക്രിസ്തുമത വിശ്വാസികളുടെതാണെന്ന് കൈ കൂപ്പി ബന്ധുക്കള്‍ പറഞ്ഞു. ഈ അപേക്ഷ കൊണ്ടൊന്നും അലിയുന്നതായിരുന്നില്ല അവരുടെ മനസ്. വിവാഹം മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോള്‍ വരന്‍റെ ബന്ധുക്കള്‍ ബജ്‌റംഗ്ദളുകാരോട് കയര്‍ത്തു. കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്ന യുവതിയും ഭോപ്പാലിനടുത്തുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി പോയ ശേഷം വിവാഹം പള്ളിയില്‍ നടന്നു.
ക്രിസ്മസ് ആഘോഷത്തിനിടയിലെ അതിക്രമം പലയിടത്തും നടന്നെങ്കിലും വിവാഹം മുടക്കാനായി ഹിന്ദുത്വ വാദികള്‍ എത്തിയത് ആദ്യമായിട്ടായിരുന്നു. സുല്‍ത്താന്‍ പൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും കസ്റ്റഡിയിലെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. അതേസമയം വിവാഹം തടയാന്‍ ശ്രമിച്ചത് നേട്ടമായി ചിത്രീകരിച്ചു ഹിന്ദുത്വവാദികള്‍ മധ്യപ്രദേശില്‍ നടത്തുന്ന പ്രചരണവും ശക്തമാണ്.

