സിഎം സാര്‍ എന്നെ സഹായിക്കൂ; എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി വിദ്യാര്‍ഥി; കാര്‍ നിര്‍ത്തി സ്റ്റാലിന്

ചെന്നൈ: നിയമസഭയിലേക്ക് പോകുന്നതിനിടെ ‘മുഖ്യമന്ത്രി സാർ എന്നെ സഹായിക്കൂ’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ച് നിന്ന യുവാവിനെ കണ്ട് വാഹനം നിർത്തി തമിഴ്നാട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈയിലെ ടിടികെ റോഡിൽ വ്യാഴാഴ്ചയാണ് സംഭവം. ശേഷം വിദ്യാർഥിയോട് സ്റ്റാലിൻ വിവരങ്ങൾ ആരാഞ്ഞു.
ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി സ്വദേശിയായ എൻ.സതീഷ് എന്ന വിദ്യാർഥിയായിരുന്നു പ്ലക്കാർഡുമായി റോഡിൽ കാത്ത് നിന്നത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയെ എതിർത്തതിന് സതീഷ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് നന്ദി പറഞ്ഞു. ഇന്ത്യയിലുടനീളം നീറ്റ് ഇളവുകൾ കൊണ്ടുവരണമെന്നും സതീഷ് അഭ്യർഥിച്ചു.
മുഖ്യമന്ത്രി സ്റ്റാലിൻ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വിവരം പങ്കുവെച്ചത്. പ്ലക്കാർഡ് പിടിച്ചുനിൽക്കുന്ന വിദ്യാർഥിയുടെയും അയാളോട് വിവരങ്ങൾ ചോദിച്ചറിയുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രവും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

