KSDLIVENEWS

Real news for everyone

കൂടുതൽ വാദം ഉന്നയിക്കാനുണ്ടെന്ന് ദിലീപ്; മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

SHARE THIS ON

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനമായില്ല. ഹർജി കോടതി നാളെ (വെള്ളിയാഴ്ച) പരിഗണിക്കും. ഇന്നത്തെ വാദം പൂർത്തിയായി കോടതി മറ്റു നടപടികളിലേക്ക് നടന്നു. ഇതോടൊപ്പമുള്ള മറ്റു കേസുകൾ കേൾക്കേണ്ടുള്ളതിനാലാണ് കോടതി ഹർജി നാളേക്ക് മാറ്റി വെച്ചത്. പ്രതിഭാഗത്തിന് കൂടുതൽ കാര്യങ്ങൾ ഇനിയും ബോധിപ്പിക്കാനുണ്ട് എന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ അറിയിച്ചു. ഇതേത്തുടർന്നാണ് കോടതി മറ്റു കേസുകൾ വിളിച്ച് അതിലേക്കുള്ള നടപടികളിലേക്ക് കടന്ന്. പ്രോസിക്യൂഷന്റെ വാദം ഇതുവരെ തുടങ്ങിയിട്ടില്ല. നാളെ കോടതി കേൾക്കുമെന്നാണ് വിവരം. നാളെ ഉച്ചക്ക് ശേഷം 1.45നായിരിക്കും കേസ് പരിഗണിക്കുക.

കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.


തന്നെ കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മൊഴികൾ വിശ്വാസത്തിലെടുക്കരുത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ മൊഴികൾ എഫ്ഐആർ ഇടാൻ വേണ്ടിയാണെന്നും എഫ്ഐആർ ദുർബലമാണെന്നും പ്രതിഭാഗം വാദിച്ചു. ചില ഉദ്യോഗസ്ഥർ വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാ സമ്പന്നമായ കഥയാണ്. വധഗൂഢാലോചനക്കേസ് രജിസ്റ്റർ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ഒരു ടാബിലാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. യഥാർഥത്തിൽ റെക്കോഡ് ചെയ്ത ഉപകരണം ഹാജരാക്കാതെ കൃത്രിമം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാൻ കഴിയും. എഡിറ്റ് ചെയ്ത ഭാഗമാണ് ബാലചന്ദ്രകുമാർ നൽകിയിട്ടുള്ളത്. ദിലീപും സഹോദരനും സഹോദരിയുടെ ഭർത്താവും കൂടി ഇരിക്കുമ്പോൾ സംസാരിച്ചതിന്റെ ചില ഭാഗങ്ങൾ മാത്രമാണ് ബാലചന്ദ്രകുമാർ ഹാജരാക്കിയത്. ഇതിൽ ദിലീപ് സംസാരിച്ച ഭാഗം മാത്രമാണ് ഉള്ളത്. ബാലചന്ദ്രകുമാർ ഒരു സംവിധായകനാണ്. ബാലചന്ദ്രകുമാർ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. വീട്ടിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ എങ്ങനെ ഗൂഢാലോചന ആകും. വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.


ദിലീപിനേയും മറ്റൊരു കേസിലെ ഒന്നാംപ്രതിയേയും ബന്ധിപ്പിക്കാൻ വേണ്ടിയാണ് ഈ കേസ്. നടിയെ ആക്രമിച്ച കേസിൽ കൃത്യമായ തെളിവുകളില്ലാത്തതിനാൽ ദിലീപിനെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ ബി രാമൻ പിള്ള കോടതിയിൽ വാദിച്ചു.

കേസിൽ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്മെന്റ് മാത്രമാണ് പ്രോസിക്യൂഷന്റെ ഭാഗത്തിലുള്ള പക്കലുള്ള തെളിവെന്നും ദിലീപ് ഉന്നയിച്ചു. ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇത്. ഇത് ക്രൈംബ്രാഞ്ചിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചന കേസിലും ഒരേ അന്വേഷണ ഉദ്യോഗസ്ഥർ. ഇത് ദുരുദ്ദേശപരമാണെന്നും ദിലീപ് വാദിച്ചു. എ ഡി ജി പിയുടെ നേതൃത്വത്തിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും ദിലീപ്.

പിക് പോക്കറ്റ് എന്ന സിനിമയുമായുള്ള തർക്കമാണ് ബാലചന്ദ്രകുമാറിന് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം. സിനിമയുമായുള്ള തർക്കമാണ് ഇത്തരമൊരു കേസിലേക്ക് നയിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള തർക്കത്തിന്റെ കാരണമെന്താണ് എന്നതും ദിലീപ് കോടതിയിൽ വ്യക്തമാക്കി.


എന്നാൽ കിട്ടുന്ന വിവരങ്ങൾ അന്വേഷിക്കേണ്ടേയെന്നാണ് കോടതി ചോദിച്ചത്. മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസിന് അന്വേഷിക്കേണ്ടതിന്റെ ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ചത് മറ്റൊരു കേസ് അല്ലേയേന്നും ഗൂഡാലോചന കേസിനെക്കുറിച്ച് മാത്രം പരാർശിക്കൂ എന്നും കോടതി പറഞ്ഞു. ഗൂഡാലോചന കേസിന് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് കോടതി പറഞ്ഞു. ഗൂഡാലോചനക്കുറ്റത്തിനുള്ള അന്വേഷണത്തിന് മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അതിന് അന്വേഷണത്തിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു. ദിലീപിനെതിരേ പ്രോസിക്യൂഷന്റെ പക്കൽ തെളിവുണ്ടെന്നും കോടതി പറഞ്ഞു.

അറസ്റ്റ് ഒഴിവാക്കുന്നതിനായി നാടകീയ നീക്കങ്ങളാണ് കേസിന്റെ വിചാരണ ഘട്ടങ്ങളിലുടനീളം ദിലീപ് നടത്തിയത്. എന്നാൽ അതിനെ കൃത്യമായി എതിർത്തുകൊണ്ടും വധഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കി കൊണ്ടുമാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തെ തടഞ്ഞത്.

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വിചാരണ ആരംഭിച്ച ഘട്ടത്തിൽ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുൻ വിധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനിൽക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാൽ ഗൂഢാലോചന കുറ്റം നിലനിൽക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് അപ്പുറത്തേക്ക് ചില നീക്കങ്ങൾ ഉണ്ടായെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയത്. തുടർന്ന് മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയ കോടതി ദിലീപിനോടും മറ്റ് പ്രതികളോടും മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.


അന്വേഷണത്തോട് സഹകരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്വേഷണത്തെ യാതൊരു രീതിയിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന താക്കീത് കൂടി കോടതി നൽകിയിരുന്നു. തുടർന്ന് കേസിന്റെ ഭാഗമായി ദിലീപിന്റെതടക്കമുള്ള ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഫോണുകൾ നൽകാതിരിക്കുകയായിരുന്നു. വധ ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും ഫോണുകൾ മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഹർജിയുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. തുടർന്ന് നടന്ന വാദങ്ങൾക്കിടെ നിർണായക വിവരങ്ങളാണ് പ്രോസിക്യൂഷൻ കോടതിക്ക് മുൻപാകെ സമർപ്പിച്ചത്.

എന്നാൽ ഫോണുകൾ സ്വന്തം നിലയിൽ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതിനെ ഹൈക്കോടതി വിമർശിച്ചു. തുടർന്ന് ദിലീപിന്റേയും കൂട്ടു പ്രതികളുടേയുമടക്കം ആറ് ഫോണുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവിൽ സംതൃപ്തരല്ലെങ്കിൽ നിങ്ങൾ വേണമെങ്കിൽ സുപ്രീംകോടതിയിൽ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യൻ എവിഡൻസ് ആക്ട്, ഇൻഫർമേഷൻ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകൾ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കികൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

അറസ്റ്റ് ഒഴിവാക്കുന്നതിനും ഫോണുകൾ ഹാജരാക്കാതിരിക്കാനും പ്രതിഭാഗം പരമാവധി ശ്രമം നടത്തിയിരുന്നു. മാധ്യമങ്ങളും പോലീസും ദിലീപിനെ വേട്ടയാടുകയാണെന്നതടക്കമുള്ള ആരോപണങ്ങളാണ് പല ഘട്ടങ്ങളിലും ദിലീപ് കോടതിയിൽ അറിയിച്ചത്. തന്നെ കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!