KSDLIVENEWS

Real news for everyone

കോൺഗ്രസ് പുനഃസംഘടന; സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പേ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ശ്രമം

SHARE THIS ON

തിരുവനന്തപുരം:സംഘടനാതിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുംമുമ്പ് കെ.പി.സി.സി. സെക്രട്ടറി, ഡി.സി.സി. ഭാരവാഹികൾ എന്നിവരുടെ നിയമനം നടത്താൻ കോൺഗ്രസിൽ തീവ്രശ്രമം. ഫെബ്രുവരി പകുതിയോടെ സംഘടനാതിരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസർമാർ സംസ്ഥാനത്ത് ചുമതലയേൽക്കും. അതിനുമുമ്പ് ഭാരവാഹികളെ തീരുമാനിക്കുകയാണ് ലക്ഷ്യം.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ദിവസങ്ങളായി ഡൽഹിയിലുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചർച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്നുണ്ട്.


പുതിയനേതൃത്വം വന്നശേഷം കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരെ നിയമിക്കാൻ കഴിഞ്ഞു. ഇതിനെച്ചൊല്ലി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞതോടെ തുടർന്നുള്ള പുനഃസംഘടന നീണ്ടു.

മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ടുമാത്രമേ തുടർപുനഃസംഘടന ഉണ്ടാകൂ എന്ന സമവായത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്തഘട്ടത്തിലേക്കു കടന്നത്. ഡി.സി.സി.കളിൽ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഭാരവാഹികളെ സംബന്ധിച്ച ചുരുക്കപ്പട്ടിക കെ.പി.സി.സി. നേതൃത്വത്തിനു നൽകാനായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 14 ജില്ലയിൽനിന്നുള്ള പട്ടിക നൽകി.


കെ.പി.സി.സി. സെക്രട്ടറിമാരെ നിശ്ചയിക്കുന്നതിനു സമാന്തരമായി ഡി.സി.സി. ഭാരവാഹികളെക്കൂടി പ്രഖ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാൽ, ഉദ്ദേശിച്ചത്ര വേഗത്തിൽ സമവായമുണ്ടാക്കാൻ ആവാത്തതാണ് നേതൃത്വം നേരിടുന്ന പ്രശ്നം. കഴിഞ്ഞതവണ ഏറെ പഴി കേട്ടതിനാൽ കെ. സുധാകരനാകട്ടെ കഴിയുന്നത്ര ചർച്ചനടത്തി ഏകാഭിപ്രായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.

ഒരു ജനറൽ സെക്രട്ടറിക്ക് രണ്ടുസെക്രട്ടറിയെന്നനിലയിലാകും കെ.പി.സി.സി.യിലെ ക്രമീകരണം. അന്പതോളം സെക്രട്ടറിമാരെയാണ് കണ്ടെത്തേണ്ടത്. ചെറിയ ജില്ലകളൊഴികെയുള്ള ഡി.സി.സി.കളിൽ 51 ഭാരവാഹികൾ വീതമാകും ഉണ്ടാകുക. തുടർച്ചയായി ഭാരവാഹികൾ ആയിരുന്നവരെയും തദ്ദേശസ്ഥാപനങ്ങളിലും മറ്റും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരെയും ഒഴിവാക്കി പുതുനിരയെ കൊണ്ടുവരത്തക്കരീതിയിലാണ് മാനദണ്ഡം.

സംഘടനാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ താഴെത്തട്ടിലുള്ള പുനഃസംഘടന ഉടൻ വേണ്ടെന്ന നിലയിലാണ് പ്രബലഗ്രൂപ്പുകൾ. സംഘടനാതിരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാമെന്ന മനോഭാവത്തിലാണ് അവർ. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ച് അടിത്തറ വിപുലപ്പെടുത്തിയ സ്ഥലങ്ങളിൽ സംഘടനാതിരഞ്ഞെടുപ്പിലൂടെ നേട്ടം കൊയ്യാനാകുമെന്നാണ് നിലവിലുള്ള നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!