രഞ്ജി ട്രോഫി: സഞ്ജുവും ഉത്തപ്പയും പുറത്ത്; ശ്രീശാന്ത്, നായനാർ കേരള ടീമിൽ

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ ഇത്തവണയും സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റൻ. മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും ടീമിലുണ്ട് സഞ്ജു സാംസൺ തൽക്കാലം ടീമിലില്ല.
ബെംഗളൂരു നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിലായതിനാലാണ് ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാൽ ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പരുക്കേറ്റ റോബിൻ ഉത്തപ്പയും ടീമിലില്ല.
ജൂനിയർ ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി സീനിയർ ടീമിൽ അരങ്ങേറുന്ന പേസർ ഏദൻ ആപ്പിൾ ടോം (17) ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. അണ്ടർ 19 ടീമിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റർ വരുൺ നായനാർ(19), അണ്ടർ 25 ടീമിലെ ഇടംകയ്യൻ ഓപ്പണിങ് ബാറ്റർ ആനന്ദ് കൃഷ്ണൻ (25) എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.
മറ്റു ടീം അംഗങ്ങൾ: ജലജ് സക്സേന, സൽമാൻ നിസാർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, സിജോമോൻ ജോസഫ്, രോഹൻ കുന്നുമ്മേൽ, വത്സൽ ഗോവിന്ദ്, പി.രാഹുൽ, കെ.സി. അക്ഷയ്, എസ്.മിഥുൻ, എൻ.പി.ബേസിൽ, മനു കൃഷ്ണൻ, എഫ്.ഫനൂസ്, വിനൂപ് മനോഹരൻ.
രാജ്കോട്ടിൽ 17 മുതലാണ് കേരളത്തിന്റെ മത്സരങ്ങൾ. മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരാണ് പ്രാഥമിക റൗണ്ടിലെ എതിരാളികൾ. എലീറ്റ് ഇ ഗ്രൂപ്പിലെ മത്സരങ്ങൾ തിരുവനന്തപുരത്ത് 17 മുതൽ നടക്കും. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, സർവീസസ്, ഉത്തരാഖണ്ഡ് എന്നിവരാണ് തിരുവനന്തപുരത്ത് കളിക്കുന്നത്.

