ഗ്രീക്ക് തീരത്ത് കത്തിയ കപ്പലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ; 11 പേരെ കാണാനില്ല

ആതൻസ്: ഗ്രീക്ക് തീരത്ത് തീപിടിച്ച യാത്രക്കപ്പൽ യൂറോഫെറി ഒളിമ്പിയയിൽ കുടുങ്ങിയ ഒരു യാത്രക്കാരനെക്കൂടി രക്ഷപ്പെടുത്തി. കപ്പലിന്റെ പിൻഭാഗത്ത് കുടുങ്ങിയ 21 വയസ്സുള്ള ബെലാറസുകാരൻ ട്രക്ക് ഡ്രൈവറെയാണ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചത്.
11 പേരെ കണ്ടെത്താനായിട്ടില്ല. ഇതിന് ശ്രമം തുടരുകയാണ്. ബൾഗേറിയ, ഗ്രീസ്, തുർക്കി, ലിത്വാനിയ രാജ്യങ്ങളിൽനിന്നുള്ള ലോറി ഡ്രൈവർമാരെയാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 292 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 281 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരെ കോർഫു ദ്വീപിലെത്തിച്ചു. 153 ട്രക്കുകളും 32 കാറുകളും കപ്പലിലുണ്ടായിരുന്നു.
ഗ്രീക്ക് തുറമുഖമായ ഈഗൗമെനിറ്റ്സയിൽനിന്ന് ഇറ്റലിയിലെ ബ്രിൻഡിസിയിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് ഗ്രീക്ക് തീരത്തുവെച്ച് കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന കാറുകൾക്ക് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.

