KSDLIVENEWS

Real news for everyone

വെടിനിര്‍ത്തല്‍ പരാജയപ്പെട്ടു, സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു

SHARE THIS ON

സുമി: യുക്രെയ്ന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട പാതയില്‍ ബോംബിംഗ് നടന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നി‍ര്‍ത്തിവയ്ക്കാന്‍ എംബസിയില്‍ നിന്നും സ്ഥലത്തുണ്ടായിരുന്ന സ്റ്റുഡന്‍്റ് ഏജന്‍്റുമാ‍ര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പെണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പുറത്ത് എത്തിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെണ്‍കുട്ടികളെല്ലാം ബസുകള്‍ക്ക് എത്തിയെങ്കിലും ഈ ബസുകള്‍ ഹോളണ്ട് അതിര്‍ത്തിയിലേക്ക് എത്തേണ്ട പാതയില്‍ എവിടെയോ ഷെല്ലാക്രമണം നടന്നുവെന്ന വിവരത്തെ തുട‍ര്‍ന്നാണ് രക്ഷാദൗത്യം നി‍ര്‍ത്തിവച്ചു. വിദ്യാ‍ര്‍ത്ഥികളോടെല്ലാം അവരുടെ ബങ്കറുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈന്‍ നഗരങ്ങളില്‍ എല്ലാം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത ഇടനാഴികള്‍ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നും റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധം തുടങ്ങിയതോടെ വിവിധ യുക്രെയ്ന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകള്‍ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കണ്ടത്.

ഫ്രഞ്ച് പ്രസിഡന്‍്റിന്റെ അടക്കമുള്ള ലോകനേതാക്കളുടെ അഭ്യ‍ര്‍ത്ഥനകള്‍ കണക്കിലെടുത്താണ് മൂന്നാംവട്ടവും വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍ ബെലാറൂസിലേക്കും റഷ്യയിലേക്കുമുള്ള പാതകളിലാണ് റഷ്യ മാനുഷിക ഇടനാഴി പ്രഖ്യാപിച്ചതെന്നും പോളണ്ട് അടക്കമുള്ള ഇതര രാജ്യങ്ങളിലേക്ക് മാനുഷിക ഇടനാഴി പ്രഖ്യാപിച്ചില്ലെന്നും യുക്രെയ്ന്‍ ആരോപിച്ചിരുന്നു.

പരമാവധി സാധാരണക്കാരെ സുരക്ഷിത ഇടനാഴികള്‍ ഒരുക്കി പുറത്തേക്ക് പോകാന്‍ അനുവദിക്കുമെന്നായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. കീവ് , കാര്‍കീവ് , സുമി, മരിയോപോള്‍ നഗരങ്ങളില്‍ ആണ് വെടി നിര്‍ത്തല്‍. പരിമിതമായ വെടിനിര്‍ത്തല്‍ ആയിരിക്കുമെന്നും സാധരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ ഒരവസരം കൂടി റഷ്യ നല്‍കുകയാണെന്നും റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഫലം കണ്ടിരുന്നില്ല. ഇര്‍ബിന്‍ നഗരത്തില്‍ അടക്കം വെടിനിര്‍ത്തല്‍ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രയ്‌നാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാല്‍ പൊള്ളയായ വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം.

ഇന്നത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയില്‍ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാണുന്നത്. മലയാളികള്‍ അടക്കം 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങി കിടക്കുകയാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്ക്. ഈ വിദ്യാര്‍ത്ഥികളോട് യാത്രയ്ക്ക് തെയ്യാറായിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നത്തെ വെടിനിര്‍ത്തല്‍ ഫലപ്രദമായാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാ മാര്‍ഗം ഒരുങ്ങും. അതേസമയം മരിയോപോളില്‍ അടക്കം കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് യുക്രെയ്ന്‍ക്കാര്‍ ഇടനാഴിയിലൂടെ നീങ്ങുന്നതോടെ പോളണ്ടില്‍ അടക്കം അഭയാര്‍ത്ഥി പ്രവാഹം ഇനിയും ശക്തമാകും.

പത്ത് ദിവസത്തിലേറെയായി സുമിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ അവരുടെ ഉറ്റവരും വളരെ പ്രതീക്ഷയോടെയായിരുന്നു ഇന്നത്തെ വെടിനിര്‍ത്തലും രക്ഷാദൌത്യത്തേയും നോക്കി കണ്ടത്. ഇന്ത്യന്‍ എംബസി ബസുകള്‍ സുമിയിലേക്ക് എത്തിക്കുകയും ഹംഗേറിയന്‍ അതിര്‍ത്തിയിലേക്ക് വിദ്യാര്‍ത്ഥികളെ രണ്ട് ഘട്ടത്തിലാക്കി എത്തിച്ച്‌ എല്ലാവരേയും അടുത്ത മണിക്കൂറുകളില്‍ തന്നെ ഇന്ത്യയിലേക്ക് പ്രത്യേക വിമാനത്തില്‍ കയറ്റി വിടാനുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍്റെ പദ്ധതി. അടുത്ത രണ്ട് ദിവസത്തിനകം ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തീകരിക്കാനാവുമെന്ന് പോളണ്ടില്‍ തുടരുന്ന കേന്ദ്രമന്ത്രി വി.കെ.സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും രക്ഷിച്ചതോടെ അതിര്‍ത്തിനഗരങ്ങളിലെ ഇന്ത്യന്‍ എംബസിയുടെ ക്യാംപുകള്‍ പലതും അവസാനിപ്പിച്ചിരുന്നു. സുമിയടക്കമുള്ള നഗരങ്ങളിലെ ബംഗറുകളില്‍ ഉള്ള വിദ്യാര്‍ത്ഥികളുടെ ജീവിതം ഇപ്പോള്‍ അങ്ങേയറ്റം ദുരിതത്തിലാണ്. പലര്‍ക്കും കുടിവെള്ളം പോലും കിട്ടുന്നില്ല. മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ടും ജീവിതം ദുസ്സഹമാകി. മഞ്ഞ് വെള്ളമാക്കി കുടിച്ചാണ് പല വിദ്യാര്‍ത്ഥികളും ദിവസങ്ങളായി ജീവിക്കുന്നത്. ഇതുമൂലം പലരുടേയും ആരോഗ്യനില മോശമായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!