പാലിന് ഇരട്ടിവില, മരുന്നും അവശ്യവസ്തുക്കളും തീരുമെന്ന് ഭയം; ഉപരോധത്തില്‍ ഞെളിപിരികൊള്ളുകയാണ് റഷ്യ……

യുക്രൈനില്‍ റഷ്യയുടെ സൈനികാക്രമണം ആരംഭിച്ചിട്ട് മൂന്ന് ആഴ്ചയോടടുക്കുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഏകദേശം അത്രയും ദിവസങ്ങളായി. യുക്രൈന്റെ വിമത പ്രദേശങ്ങളായ ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചതിന് പിറ്റേദിവസം, ഫെബ്രുവരി 22 മുതലാണ് അമേരിക്കയും ബ്രിട്ടണും മറ്റു സഖ്യരാഷ്ട്രങ്ങളും ഉപരോധം ആരംഭിച്ചത്. പിന്നീട് ഫെബ്രുവരി 24ന് യുക്രൈനുമേല്‍ ആക്രമണം ആരംഭിച്ചതോടെ ഉപരോധങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. നിലവില്‍ വിവിധ തരത്തിലുള്ള 5,532 ഉപരോധങ്ങള്‍ റഷ്യയ്ക്കുമേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനേത്തുടര്‍ന്ന് നൂറുകണിക്കിന് ആഗോള കമ്പനികള്‍ റഷ്യയില്‍നിന്ന് പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. അവശ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്കു മുതല്‍ കടുത്ത തൊഴിലില്ലായ്മക്കുവരെ ഉപരോധം വഴിമരുന്നിടുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുവശത്ത് യുദ്ധക്കെടുതികള്‍ മൂലം യുക്രൈന്‍ ജനതയുടെ ദൈനംദിന ജീവിതം നരകസമാനമാകുമ്പോള്‍, മറ്റൊരുവശത്ത് ഉപരോധങ്ങളുണ്ടാക്കുന്ന ദുരിതങ്ങള്‍ റഷ്യന്‍ ജനതയെവലിയ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു.
റഷ്യ ഇപ്പോള്‍ വിലക്കയറ്റത്തിന്റെ പിടിയിലാണ്. പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വിലയുയരുകയാണ്. ക്ഷാമത്തെക്കുറിച്ചും പൂഴ്ത്തിവെപ്പിനേക്കുറിച്ചുള്ള ഭീതികള്‍ വ്യാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങള്‍ പലതും അവശ്യവസ്തുക്കളുടെ വില്‍പനയില്‍ നിയന്ത്രണംകൊണ്ടുവന്നുതുടങ്ങി.

