KSDLIVENEWS

Real news for everyone

10,000 സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റഷ്യ അനുകൂല പത്രം

SHARE THIS ON

പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റഷ്യ അനുകൂല പത്രം. ‘കോംസോമോല്‍സ്‌കായ പ്രാവ്ദ’ എന്ന പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട കണക്കുകള്‍ പെട്ടെന്ന് തന്നെ നീക്കിയെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. യുക്രൈന്‍ പുറത്തുവിടുന്ന കണക്കുകള്‍ ഖണ്ഡിക്കുന്നതിനായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഈ കണക്കുകള്‍.

15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. എന്നാല്‍ 9,861 സൈനികര്‍ കൊല്ലപ്പെടുകയും 16,153 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റഷ്യന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ലേഖനത്തില്‍ ‘പ്രാവ്ദ’ കണക്കുകളൊന്നും പറയുന്നില്ല. റഷ്യന്‍ അനുകൂലമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് കാലാള്‍പ്പട യുദ്ധവാഹനങ്ങള്‍, ആറ് ഫീല്‍ഡ് പീരങ്കികള്‍, മോര്‍ട്ടാറുകള്‍ എന്നിവ നശിപ്പിക്കുകയും യുക്രൈനിയന്‍ ദേശീയവാദ രൂപീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 60 പോരാളികളെ വധിക്കുകയും ചെയ്തതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിനിവേശം തുടങ്ങി ഏകദേശം ഒരു മാസത്തോട് അടുക്കുമ്ബോഴും യുക്രൈന്‍ തലസ്ഥാനമായ കിയവ് പിടിക്കാന്‍ റഷ്യക്ക് കഴിഞ്ഞിട്ടില്ല. കനത്ത പ്രതിരോധമാണ് യുക്രൈന്‍ സൈന്യം ഉയര്‍ത്തുന്നത്. അതേസമയം റഷ്യന്‍ ആക്രമണത്തില്‍ നിരവധി യുക്രൈന്‍ നഗരങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

മാര്‍ച്ച്‌ രണ്ടിന് ശേഷം തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റതായി റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 7000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 20 വര്‍ഷത്തെ ഇറാഖ്, അധിനിവേശത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 3,000-10,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!