വാക്‌സിന്‍ നിര്‍മാണത്തിന് കേരളം; തയ്യാറായി രണ്ടുകമ്പനികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികള്‍. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത്.
ഇവയുടെ പ്രവര്‍ത്തനം, വാക്‌സിന്‍ ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നല്‍കി. ഇനി ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം. വ്യവസായവികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ധനവകുപ്പിന്റെ പരിശോധനയിലാണ്.
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്‌സിന്‍ നിര്‍മാണവും ഗവേഷണകേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. നിക്ഷേപത്തിനു തയ്യാറാകുന്ന കമ്പനികള്‍ക്ക് നല്‍കാവുന്ന ഇളവുകള്‍ എന്തെല്ലാമെന്നു കാണിച്ച് 2021 െസപ്റ്റംബറില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവുമിറക്കിയിരുന്നു. ഇതനുസരിച്ചാണ് കെ.എസ്.ഐ.ഡി.സി. താത്പര്യപത്രം ക്ഷണിച്ചതും രണ്ടുകമ്പനികള്‍ യോഗ്യത നേടിയതും.

