അത് സാധാരണ വിടുവായത്തമല്ല, പി.സി. ജോര്‍ജ് മാപ്പുപറയണം- സി.പി.എം

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം. സാധാരണ വിടുവായത്തമായി ഇതിനെ തള്ളിക്കളയാനാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പി.സി. ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് കേരളത്തോട് മാപ്പു പറയണമെന്നും സി.പി.എം. ആവശ്യപ്പെടുന്നു.
മനുഷ്യസൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറയുന്നത്.
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗീയവാദികളും ബോധപൂര്‍വമായ പദ്ധതി നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തുവന്നത്. അതിനാല്‍ത്തന്നെ ഇതിനെ അദ്ദേഹത്തിന്റെ സാധാരണ വിടുവായത്തങ്ങളായി തള്ളിക്കളയാനാകില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കേരളീയ സമൂഹത്തോട് മാപ്പു പറയണം എന്നാണ് സി.പി.എമ്മിന്റെ ആവശ്യം.
എന്നാല്‍ ജോര്‍ജിനെതിരേ കേസ് എടുക്കണോ മറ്റ് നടപടികള്‍ കൈക്കൊള്ളണോ എന്ന കാര്യത്തില്‍ പ്രസ്താവന മൗനം പാലിക്കുകയാണ്.

