മതവിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജിന് ജാമ്യം


തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു.null
അവധി ദിനമായതിനാല്‍ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. എ.ആര്.ക്യാമ്പില്‍ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
മുന്‍ എം.എല്‍.എ. ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
മുതിര്‍ന്ന അഭിഭാഷകന് ശാസ്തമംഗലം അജിത് കുമാറാണ് പി.സി.ജോര്‍ജിനായി ഹാജരായത്.
153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പി.സി.ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിനെ തിരുവനന്തപുരം എ.ആര്.ക്യാമ്പിലെത്തിച്ച ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ച അഞ്ചു മണിയോടെ ജോര്‍ജിനെ കസ്റ്റിഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തിനെ കൊണ്ടുവരുന്നതിനിടെ അഭിവാദ്യമര്‍പ്പിക്കലും പ്രതിഷേധങ്ങളും നടന്നു.

