അസാനി ചുഴലിക്കാറ്റ് അതി തീവ്രമായി: കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനിടെ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒഡീഷയില്‍ 3 ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. അതിതീവ്രമാകുകയാണെങ്കില്‍ കാറ്റിന്‍റെ വേഗം കിലോമീറ്ററില്‍ 220 കിലോമീറ്റര്‍വരെയാകാം. എന്നാല്‍ കരതൊടാന്‍ ഇടയിലില്ല.
അസാനി എന്നാല്‍ സിന്‍ഹള ഭാഷയില്‍ ഉഗ്രകോപം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 16 കിലോ മീറ്റര്‍ വേഗതയില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേയ്ക്കാണ് കാറ്റിന്റെ സഞ്ചാരം. ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വിശാഖപട്ടണത്തിന് തെക്ക് കിഴക്ക് 970 കിലോമീറ്ററും പുരിയില്‍ നിന്ന് തെക്കുകിഴക്ക് 1020 കിലോമീറ്ററും ദിശയിലാണ് കാറ്റ്. ചൊവാഴ്ച്ചയോടെ വടക്കു പടിഞ്ഞാറേയ്ക്ക് നീങ്ങും. ആന്ധ്ര, ഒഡീഷ തീരത്തോട് അടുക്കും. ആന്‍ഡമാന്‍ നിക്കോബാറിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഒഡീഷ അതീവജാഗ്രതയിലാണ്. ഗജ്പതി, ഗഞ്ചം, പുരി ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷയിലെ അഞ്ച് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. കടല്‍ ഏറെ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് മൂന്ന് ദിവസത്തേയ്ക്ക് കടലിലിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ സ്വാധീനംമൂലം ബിഹാര്‍, ജാര്‍ഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റ് തീരം തൊടില്ലെങ്കിലും ആന്ധ്ര, ഒഡീഷ തീരമേഖലയ്ക്ക് സമാന്തരമായി കടന്നുപോകും.

