മറ്റൊരു യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതുമുതല്‍ പീഡനം: റെനീസിനെതിരേ ആരോപണവുമായി നജ്‌ലയുടെ കുടുംബം

ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും കുട്ടികളും ആത്മഹത്യചെയ്തതിന് ഉത്തരവാദി ഭര്‍ത്താവ് റെനീസ് ആണെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല. ചൊവ്വാഴ്ചയാണ് നജ്‌ലയും കുട്ടികളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസുകാരനായ റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതോടെ നജ്‌ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് തുടങ്ങിയെന്നും ബന്ധുക്കള്‍ പറയുന്നു. നജ്‌ല തൂങ്ങി മരിച്ച നിലയിലായിരുന്നു. മകന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയും ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന നിലയിലുമാണ് കണ്ടെത്തിയത്.
നേരം പുലര്‍ന്നിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെയാണ് സമീപവാസികള്‍ക്ക് സംശയം തോന്നിയത്. വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ റെനീസിനെ നേരിട്ട് വിളിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തി വാതില്‍ പോളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.
നജ്‌ലയുടെ ബന്ധുക്കളില്‍ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണില്‍ പോലും സംസാരിക്കാന്‍ അനുമതി. സുഖവിവരങ്ങള്‍ തിരക്കുകയെന്നതിലപ്പുറം മറ്റൊന്നും അനുവദിച്ചിരുന്നില്ലെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല പറയുന്നു. മറ്റ് ബന്ധുക്കള്‍ ആരെങ്കിലും നഫ്‌ലയെ വിളിച്ചാല്‍ അതിന്റെ പേരിലും പ്രശനമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം അമ്മ വിളിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയാണെന്നും തിരിച്ച് വിളിക്കാമെന്നും പറഞ്ഞുവെങ്കിലും അതുണ്ടായില്ല.

