ലക്ഷ്യം മൂലക്കുരു ഒറ്റമൂലി; ചങ്ങലയ്ക്കിട്ട് ഇരുമ്പുവടിക്ക് അടിച്ചു, കുളിമുറിയിലിട്ട് വെട്ടിനുറുക്കി

നിലമ്പൂര്‍: കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്നു പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് കുടുങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാള്‍ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളിയതായി പോലീസിനു വിവരം ലഭിച്ചു. ഷൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍കൂടിയായ പ്രതികള്‍തന്നെയാണ് കൊലപാതകവിവരം പോലീസിനോടു വെളിപ്പെടുത്തിയത്.
മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം.
ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പോലീസ് പറയുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.

