അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം; മതപണ്ഡിതനെ പിന്തുണച്ച് എസ്.വൈ.എസ് നേതാക്കള്‍

എം.ടി അബ്ദുല്ല മുസലിയാർ
കോഴിക്കോട്: പൊതുവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ സമസ്ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം(എസ്.വൈ.എസ്. )സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവരാണ് പിന്തുണയുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മതപണ്ഡിതനെ ഒറ്റപ്പെടുത്തുന്നത് ചെറുക്കും. പെണ്‍കുട്ടികളെ പരപുരുഷന്മാര്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് സ്ത്രീ സംരക്ഷണത്തിനാണ്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഹിജാബ് നിയമം ഉള്ളിടത്ത് പീഡനമില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
പെണ്‍കുട്ടിയെ വിലക്കിയ സംഭവം മതനിയമമാണെന്ന് സുന്നി യുവജനസംഘം നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അന്യ സ്ത്രീ പുരുഷന്മാര് തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്ന് അഭിമാനത്തോടെ പറയും. മതപണ്ഡിതര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുക സ്വാഭാവികം. അടിസ്ഥാനപരമായി, വിവാദമാക്കിയ സംഭവത്തില്‍ തെറ്റു പറ്റിയിട്ടില്ല, തിരുത്തേണ്ടതില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

