കോവിഡ് കേസുകള്‍ ഉയരുന്നു; മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍, കൂടുതല്‍ കേസുകള്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരം കടന്നു. ഇന്നലെ 2,415 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നതിനുശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പന്ത്രണ്ട് ശതമാനമായി. സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകള്‍ പന്ത്രണ്ടായിരം കടന്നു. എറണാകുളത്താണ് തുടര്‍ച്ചയായി കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്നത്.
ഇന്നലെ 796 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അയ്യായിരത്തോടടുക്കുകയാണ് എറണാകുളത്തെ ആക്ടീവ് കേസുകള്‍. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ മൂന്ന് ജില്ലകളിലും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് വാക്സിനെടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കണം. വാക്സിനേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

