KSDLIVENEWS

Real news for everyone

രാഹുല്‍ ഇഡിക്ക് മുന്നിലെത്തും; രാഷ്ട്രീയ വേട്ടയാടലില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

SHARE THIS ON

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് ദില്ലിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്ബിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തി മുന്‍ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച്‌ ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ റാലിക്ക് റാലിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതിനാല്‍ തന്നെ വിലക്ക് ലംഘിച്ച്‌ രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതൃത്വം ഇ ഡി ഓഫിസിലെക്ക് മാര്‍ച്ച്‌ ചെയ്യുമോ എന്നത് രാവിലെ അറിയാം. രാഹുല്‍ ഗാന്ധി ഹാജരാകുന്ന സമയം രാജ്യത്തെ മുഴുവന്‍ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പി സി സികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ ഇഡി ഓഫീസ് മാര്‍ച്ചിന് അനുമതിയില്ല; ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പൊലീസ്, അനുമതി നിഷേധിച്ചു

രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ ഇ ഡി ഈ മാസം 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എ ജെ എല്‍ കമ്ബനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്ബനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേ സമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇ ഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേര്‍ത്ത് രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ സോണിയ പിന്തുണച്ചത് ഈ നീക്കത്തിനുള്ള സൂചനയാണെന്ന വിലയിരുത്തലുകളുമുണ്ട്.

കേരളത്തിലും ശക്തമായ പ്രതിഷേധമെന്ന് കെപിസിസി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എ ഐ സി സി ആഹ്വാനമനുസരിച്ച്‌ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുകളിലേക്ക് സംസ്ഥാന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും. എറണാകുളം ഇ ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോഴിക്കോട് ഇ ഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച്‌ രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും കെപിസിസി, ഡിസിസി നേതാക്കളും എറണാകുളത്തും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളിലെ നേതാക്കള്‍ കോഴിക്കോടും എന്‍ഫോഴ്സ്മെന്‍ ഡയറക്ടറേറ്റുകളിലേക്കുള്ള മാര്‍ച്ചുകളില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ മാതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഇഡി ഓഫീസ് മാര്‍ച്ചുകള്‍ വിജയിപ്പിക്കണമെന്നും കെ സുധാകരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

‘ഇഡി സമന്‍സ് പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രം; കയ്യും കെട്ടി നോക്കിയിരിക്കില്ല’: കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!