KSDLIVENEWS

Real news for everyone

അപ്രതീക്ഷിത നീക്കവുമായി ബിജെപി; ആരാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു

SHARE THIS ON

പ്രതീക്ഷിത നീക്കത്തിനൊടുവില്‍ ബിജെപി‌യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു(64).

വെങ്കയ്യ നായിഡു, കേരള ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരി​ഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാ​ഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപതി മുര്‍മുവിലേക്ക് ബിജെപി എത്തിയത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരി​ഗണിക്കുന്ന ആ​ദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്ഥാനാര്‍ഥിത്വത്തിനുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു, ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ​ഗഡ്കരി എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേക്ക് ബിജെപി നേതൃത്വം എത്തിയത്. ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതും പ്രത്യേകത. ആദിവാസി വനിതാ നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലരുടെ പിന്തുണ നേടാനാകുമെന്നും ബിജെപി കരുതുന്നു.

ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. 2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ​ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ​ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. 2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മത്സരിച്ച്‌ ജയിക്കുന്നത്. റെയ്റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ​ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ.

1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ​ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്. ആദിവാസി വിഭാ​ഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഭര്‍ത്താവും രണ്ടാണ്‍കുട്ടികളും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!