KSDLIVENEWS

Real news for everyone

ഖാദറിനെ ലീഗ് പുറത്താക്കിയാലും അനാഥനാകില്ല, ഉയര്‍ത്തിയത് ഭാരത സംസ്കാരം; എ.പി.അബ്ദുള്ളക്കുട്ടി

SHARE THIS ON

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി മുസ്ലീം ലീഗിനുള്ളില്‍ വിമര്‍ശനം നേരിടുന്ന മുന്‍ എംഎല്‍എ കെഎന്‍എ ഖാദറിനെ ഒപ്പം നിര്‍ത്താനുള്ള കരുനീക്കവുമായി ബിജെപി.
ഭാരതീയ സംസ്കാരമാണ് കെഎന്‍എ ഖാദര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലടക്കം പ്രാധാന്യമുള്ള വ്യക്തിയാവാന്‍ ഖാദറിനാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. മുസ്ലീം ലീഗ് കെഎന്‍എ ഖാദറിനെ പുറത്താക്കിയാലും അദ്ദേഹം അനാഥനാവില്ലെന്നും ഖാദറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതേസമയം കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് ആര്‍എസ്‌എസ് പരിപാടിയില്‍ അല്ലെന്നും കേസരി എന്ന മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയിലാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കെ.എന്‍.എ ഖാദര്‍ എവിടെ പങ്കെടുത്തു എന്നല്ല എന്ത് പറഞ്ഞു എന്നതാണ് കാര്യം. സംവാദങ്ങളെ ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ലീഗ് ഖാദറിനെതിരെ നടപടി എടുത്താല്‍ സംവാദങ്ങളെ ഭയപ്പെടുന്നു എന്നാണ് അതിലൂടെ മനസ്സിലാക്കേണ്ടതെന്നും പറഞ്ഞ എംടി രമേശ് ഒരു പരിപാടിയില്‍ പങ്കെടുക്കുക എന്നാല്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക എന്ന് അര്‍ത്ഥമില്ലെന്നും വ്യക്തമാക്കി.

ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദറിനോട് ലീഗ് നേതൃത്വം വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ഖാദറിന്‍റെ നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കാര്‍ ആരെങ്കിലും വിളിച്ചാല്‍ പോകേണ്ടവര്‍ അല്ലെന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാല്‍ താന്‍ പങ്കെടുത്തത് സാംസ്കാരിക സമ്മേളനത്തിലെന്നാണ് കെഎന്‍എ ഖാദറിന്‍റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!