കോവിഡ് വാക്സിൻ പരീക്ഷിച്ച് യുഎഇ ആരോഗ്യമന്ത്രി

അബുദാബി: യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് വാക്സിന് പരീക്ഷണത്തിന് വിധേയനായി. യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്സിന് നല്‍കിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് മന്ത്രി ആദ്യ ഡോസ് വാക്സിന് കുത്തിവെപ്പെടുത്തത്.
രോഗികളുമായി അടുത്തിടപെഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി അടിയന്തര പരിഗണന നല്‍കിയാണ് വാക്സിന് നല്‍കിയതെന്ന് അല്‍ ഉവൈസ് വ്യക്തമാക്കി. പരീക്ഷണത്തിന്റെ ഇതുവരെയുള്ള വിജയകരമായ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും വാക്സിന് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അബുദാബിയില്‍ നടന്നുവരുന്ന മൂന്നാം ഘട്ട വാക്സീന് പരീക്ഷണത്തിന്റെ ക്ലിനിക്കല്‍ പരിശോധനകള്‍ വിജയകരവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഡ്-19 വാക്സിന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് യുഎഇ കഴിഞ്ഞ ആഴ്ച ആദ്യം അംഗീകാരം നല്കി.
ജൂലായ് 16നാണ് പരീക്ഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനിടയില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000ത്തിലധികം ആളുകളാണ് വാക്സിന് പരീക്ഷണത്തിന് ഭാഗമായത്.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് കോവിഡ് വാക്സീന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുത്തിരുന്നു

