വിമതരെ വിശ്വാസ വോട്ടെടുപ്പിന് വെല്ലുവിളിച്ച് ശിവസേന: ഏക്‌നാഥ് ഷിന്ദേ മുംബൈയിലേക്ക് തിരിച്ചേക്കും

മുംബൈ: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരോട് മുംബൈയിലേക്കെത്താന്‍ വെല്ലുവിളിച്ച് ശിവസേന. വിശ്വാസ വോട്ടെടുപ്പില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഞ്ജയ് റാവുത്ത് ഇത്തരത്തിലൊരു വെല്ലുവിളി നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.null
ഇതിനിടെ ഗുവാഹട്ടിയിലുള്ള ഏക്‌നാഥ് ഷിന്ദേ മുംബൈയിലേക്ക് തിരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, താന്‍ നിലവില്‍ അസമില്‍ തന്നെയാണ് ഉള്ളതെന്ന് ഷിന്ദേ പ്രതികരിച്ചിട്ടുണ്ട്.
വിമതരോട് മുംബൈയിലേക്കെത്താന്‍ ഉദ്ധവ് താക്കറെ 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയതായി ശിവസേന വൃത്തങ്ങളും അറയിച്ചു. നേരിട്ടുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയുമാണ് ഉദ്ധവ് താക്കറെ മുന്നോട്ട് വെക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്കെത്തിയില്ലെങ്കില്‍ വിമതരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉദ്ധവ് അറിയിച്ചു.
തങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും വിമതര്‍ക്ക് മുന്നില്‍ തളരില്ലെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അവര്‍ തെറ്റായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഞങ്ങള്‍ അവര്‍ക്ക് മുംബൈയിലേക്ക് മടങ്ങാനുള്ള അവസരവും നല്‍കി. ഇപ്പോള്‍, ഞങ്ങള്‍ അവരെ മുംബൈയിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നു’, റാവുത്ത് പറഞ്ഞു.
നിയമസഭയിലാണെങ്കിലും റോഡിലാണെങ്കിലും തങ്ങള്‍ വിജയിക്കും. വിട്ടുപോയവര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കി, ഇപ്പോള്‍ വളരെ വൈകി. മഹാരാഷ്ട്ര നിയമസഭയിലേക്ക് വരാന്‍ അവരെ വെല്ലുവിളിക്കുന്നു. ശേഷിക്കുന്ന രണ്ടര വര്‍ഷം മഹാവികാസ് അഘാഡി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ, നാസികില്‍ ഏക്‌നാഥ് ഷിന്ദേയുടെ ചിത്രമുള്ള ബാനറുകളില്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു അദ്ദേഹത്തിനെതിരെ മുദ്രവാക്യം വിളിച്ചു.

