KSDLIVENEWS

Real news for everyone

നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നു; എഴുതിക്കൊടുക്കുന്നവരെ മുഖ്യമന്ത്രി മാറ്റണം-സതീശന്‍

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടി നല്‍കിയും നിയമസഭയിലെ പ്രതിഷേധത്തെ കുറിച്ച് വിശദീകരിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വിയില്‍ പ്രക്ഷേപണം ചെയ്യാത്തതിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 99 പേര്‍ (ഭരണപക്ഷം) ഇറങ്ങിനിന്ന് 41 പേരെ (പ്രതിപക്ഷം) സംസാരിക്കാനോ പ്രതിഷേധിക്കാനോ അനുവദിക്കാത്ത രീതിയൊന്നും വേണ്ടെന്നും അതിനെയൊക്കെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും സതീശന്‍ പറഞ്ഞു.


രണ്ടുമാസം കൂടി വാര്‍ത്താസമ്മേളനം നടത്തിയിട്ട് നട്ടാല്‍ക്കുരുക്കാത്ത നുണ മുഴുവന്‍, ഒരു മുഖ്യമന്ത്രി ആ കസേരയോടു പോലും ബഹുമാനമില്ലാതെ പറയുകയാണ്. സോണിയാ ഗാന്ധിയെ കുറിച്ചൊക്കെ പറയുമ്പോള്‍, എഴുതിക്കൊടുക്കുന്നവരെയൊക്കെ മാറ്റി വേറെ വല്ലവരെയും വെക്കാന്‍ പറയൂവെന്നും സതീശന്‍ പരിഹസിച്ചു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ സോണിയാഗാന്ധി സന്ദര്‍ശിച്ചില്ലായെന്ന ഗുരുതര ആരോപണമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതിനായിരുന്നു സതീശന്റെ പരിഹാസം നിറഞ്ഞ മറുപടി.

അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് ഇന്ന് നോട്ടീസ് കൊടുത്തത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധം ഇതിനു മുന്‍പ് എല്‍.ഡി.എഫും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രതിപക്ഷം രണ്ട് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ എം.എല്‍.എമാരും എഴുന്നേറ്റു പ്രീപ്ലാന്‍ഡ് ആയി പ്രതിപക്ഷത്തിനു നേര്‍ക്ക് ആക്രോശിച്ചു. ഇതിനു പിന്നാലെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. അതോടെ അവരും പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു- സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!