KSDLIVENEWS

Real news for everyone

തലകീഴായി മരത്തിൽ കെട്ടിയിട്ട് മർദനം; കൊല്ലപ്പെട്ട സിദ്ദീഖിന്റെ പേശികൾ ചതഞ്ഞ് വെള്ളംപോലെയായി

SHARE THIS ON


പൈവളിഗെ നുച്ചിലയിൽ പ്രതികൾ തങ്ങിയ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ, ഇൻസൈറ്റിൽ അൻസാരി ആശുപത്രിയിൽ, അൻസാരിയുടെ ശരീരത്തിലെ അടികൊണ്ട പാടുകൾ



കുമ്പള: ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദീഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും അടിയേറ്റാൽ മാത്രമേ ശരീരം ഇത്തരത്തിലാവുകയുള്ളൂവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൽവെള്ളയിലും പിൻഭാഗത്തുമായിരുന്നു അടികളെല്ലാം. അതിനിടയിൽ തലയിലേറ്റ കനത്ത ആഘാതമാണ് സിദ്ദീഖിന്റെ മരണത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.


തടങ്കലിൽനിന്ന് രക്ഷപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവർക്കും സുഹൃത്ത് അൻസാരിക്കും അനുഭവിക്കേണ്ടിവന്ന കൊടും മർദനത്തിന്റെ ബാക്കി ചിത്രങ്ങൾ അവരുടെ ശരീരത്തിൽ ഇപ്പോഴും തെളിഞ്ഞുകിടക്കുന്നുണ്ട്. തലകീഴായി മരത്തിൽ കെട്ടിയിട്ട് തന്നെ മർദിക്കുകയായിരുന്നെന്ന് കുമ്പള സഹകരണ ആസ്പത്രിയിൽ കഴിയുന്ന മുഗു സ്വദേശി അൻസാരി പറഞ്ഞു. വെള്ളിയാഴ്ചയാണ് അൻവറിനൊപ്പം അൻസാരി ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിലായത്. പൈവളിഗെയിലെ വീടിന്റെ ഒന്നാം നിലയിൽവെച്ചും ബോളംകളയിലെ കാട്ടിൽവെച്ചും തന്നെ സംഘം മർദിച്ചതായും അദ്ദേഹം പറഞ്ഞു.

പണം എന്താക്കിയെന്ന് ചോദിച്ചായിരുന്നു ഓരോ അടിയും. പാതി ബോധം പോയപ്പോഴാണ് മർദനം നിർത്തിയത്. പിന്നീടാണ് സംഘം അൻവറിനുനേരേ തിരിഞ്ഞത്. പണം ചോദിച്ച് അദ്ദേഹത്തിനും പൊതിരെ തല്ലി. അതിനിടയിൽ സംഘത്തിന്റെ നിർദേശമനുസരിച്ച് വീട്ടിലേക്ക് ഫോൺ വിളിച്ച് സുരക്ഷിതരായി ഒരിടത്തുണ്ടെന്ന് പറഞ്ഞു. സിദ്ദിഖിനെ വിളിച്ച് നാട്ടിലെത്താനും ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ബോളംകളയിലെ കുന്നിൻപുറത്ത് സിദ്ദീഖിനെ മരത്തിൽ കെട്ടി ഒരുസംഘം മർദിച്ചു. രാത്രിയായതോടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് പറഞ്ഞ് തന്നെയും അൻസാരിയെയും ഒരു വാഹനത്തിൽ കയറ്റി പൈവളിഗെയിൽ ഇറക്കിവിടുകയായിരുന്നെന്ന് അൻവർ പറഞ്ഞു. 1500 രൂപയും സംഘം നൽകി. അവിടെനിന്ന് ഓട്ടോയിൽ ബന്തിയോട് എത്തിയപ്പോഴാണ് സിദ്ദീഖ് കൊല്ലപ്പെട്ട വിവരമറിഞ്ഞതെന്നും പൊട്ടിക്കരച്ചിലിനിടെ അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!