കാൻസർ 100% ഇല്ലാതായി’; ജീവിതം തിരിച്ചുപിടിച്ച് ജാസ്മിൻ സുഗന്ധം

ന്യൂഡൽഹി ∙ ‘ജാസ്മിൻ’ ഒരു പൂവു മാത്രമല്ല; ഇനിയില്ലെന്നുറപ്പിച്ച ജീവിതത്തിലേക്ക് അദ്ഭുതം പോലെ തിരിച്ചെത്തിയ കോട്ടയംകാരിയുടെ പേരു കൂടിയാണ്– അഞ്ചാനിക്കലിലെ അന്നമ്മ ജോസിന്റെ മകൾ ജാസ്മിൻ ഡേവിഡ് (51).
യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബത്തിനൊപ്പം കഴിയുന്ന ജാസ്മിന് ആദ്യം സ്തനാർബുദവും പിന്നീടതു ശ്വാസകോശത്തിലേക്കുൾപ്പെടെ പടർന്ന് സെക്കൻഡറി കാൻസറുമായപ്പോൾ ഇനി അധികനാളില്ലെന്നായിരുന്നു വിധിയെഴുത്ത്. എന്നാൽ, യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലെ മരുന്നു പരീക്ഷണത്തിൽ (ക്ലിനിക്കൽ ട്രയൽ) പങ്കാളിയായ ജാസ്മിൻ ജീവിതം തിരികെപിടിച്ചത് ഇപ്പോൾ വലിയ വാർത്തയാകുന്നു. കാൻസർ 100% ഇല്ലാതായെന്നാണ് ഡോക്ടർമാർ പറയുന്നത്.

