KSDLIVENEWS

Real news for everyone

കുരങ്ങ് പനി: കേന്ദ്രസംഘം കണ്ണൂരിലെത്തി; പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ രോഗിയോട് വിവരങ്ങള്‍ ആരാഞ്ഞു; പ്രവാസി യുവാവിന്റെ നാലംഗ കുടുംബം വീടുകളില്‍ നിരീക്ഷണത്തില്‍

SHARE THIS ON


കണ്ണൂര്‍: കണ്ണൂരില്‍ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിയ സംഘം ആശുപത്രി അധികൃതരുമായും ചര്‍ച്ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന രോഗിയെ ഒരു സംഘാംഗം നേരിട്ട് കണ്ട് സംസാരിച്ചു. അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച.

എന്‍ എസ് ഡി സി ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, എംഒഎച്ച്‌എഫ്ഡബ്ല്യു അഡൈ്വസര്‍ ഡോ പി രവീന്ദ്രന്‍, പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിന്‍ എന്നിവരാണ് കണ്ണൂരിലെത്തിയത്. ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തിയ സംഘം വിവരങ്ങളാരാഞ്ഞു.

കുരങ്ങ് പനി നിര്‍ണ്ണയിച്ചതിന്റെ വിശദാംശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ പ്രീത എന്നിവര്‍ വിശദീകരിച്ചു. സ്വീകരിച്ച മുന്‍കരുതലുകള്‍, നടപടികള്‍, സമ്ബര്‍ക്ക പട്ടിക, രോഗിയുടെ യാത്രാ വഴികള്‍ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ എം കെ ഷാജ്, ഡി.പി എം ഡോ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

തുടര്‍ന്ന് സംഘം രോഗിയെ പ്രവേശിപ്പിച്ച പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച്‌ അധികൃതരുമായി ചര്‍ച്ച നടത്തി. രോഗിക്ക് നല്‍കിയ ചികിത്സകള്‍ പരിചരണ രീതികള്‍, സുരക്ഷാ മുന്‍കരുതലുകള്‍, തുടങ്ങിയവ സംബന്ധിച്ച്‌ സംഘം വിവരങ്ങളാരാഞ്ഞു. സംഘാംഗങ്ങളിലൊരാള്‍ രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു.

അതീവ സുരക്ഷാ മുന്‍കരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടന്റ് ഡോ കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡി കെ മനോജ്, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ വി കെ പ്രമോദ്, ആര്‍ എം ഒ ഡോ എസ് എം സരിന്‍, പ്രിന്‍സിപ്പല്‍ ചുമതലയുള്ള ഡോ എസ് അജിത് എന്നിവര്‍ സംബന്ധിച്ചു. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാള്‍ ചികിത്സയിലും നാലുപേര്‍ നിരീക്ഷണത്തിലാണ്. പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി യുവാവാണ് നിരീക്ഷണത്തിലുള്ളയത്. ഇയാളുടെ നാലംഗ കുടുംബം വീടുകളില്‍ നിരീക്ഷണത്തിലാണ്.


Stories you may Like

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!