കെ-റെയിലിന് ബദലായി മൂന്നാമത്തെ റെയിൽവേ ലൈൻ; ബിജെപി നേതാക്കൾ കേന്ദ്രമന്ത്രിയെ കാണും

തിരുവനന്തപുരം: കെ-റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയിൽവേ ലൈൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബി.ജെ.പി. നേതാക്കൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കൾ ഉച്ചയ്ക്ക് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തിൽ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് കേരളത്തിലെ വികസനത്തിന് ബി.ജെ.പി. എതിര് നിൽക്കുന്നു എന്നതരത്തിലുള്ള പ്രചാരണങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് ബി.ജെ.പി. പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബി.ജെ.പി. പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയിൽവേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈൻ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും ബി.ജെ.പി. നേതാക്കൾ ഉന്നയിക്കും. അതോടൊപ്പം തന്നെ നേമം ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെക്കും. നേമം ടെർമിനൽ പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; ബഫര്‍സോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്, ഉത്തരവ് പിന്‍വലിക്കും See More കേരളത്തിൽ വേഗത കൂടിയ തീവണ്ടികൾ ഓടിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും അതിന് ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘കെ- റെയിൽ എന്ന പേരിൽ റെയിൽവേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാൻ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ വേഗത കൂടിയ തീവണ്ടികൾ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും’, കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.

