രാജ്ഞിയും യുവരാജാവും നിയമത്തിന് അതീതരല്ല: തമ്മിലടിച്ച് കേന്ദ്രവും പ്രതിപക്ഷവും

ന്യൂഡൽഹി∙ പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടിക്കു പിന്നാലെ, പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പാർലമെന്റിന്റെ ഇരു സഭകളിലുമായി സസ്പെൻഷൻ ലഭിച്ച എംപിമാരുടെ എണ്ണം 24 ആയതോടെ, പ്രതിപക്ഷത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം പോലും സർക്കാർ നിഷേധിക്കുകയാണെന്ന വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. രാജ്യസഭയിലെ ഇരുപതും ലോക്സഭയിലെ നാലും എംപിമാർക്കാണ് ഇതുവരെ സസ്പെൻഷൻ ലഭിച്ചത്.
TOP NEWS
3 ദിവസം, 12 മണിക്കൂർ ചോദ്യംചെയ്യൽ; സോണിയ ഇഡി ഓഫിസിൽ നിന്നു മടങ്ങി: എംപിമാർ അറസ്റ്റിൽ
പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അപമാനിക്കുകയാണ് കേന്ദ്രസർക്കാരെന്നാണ് പ്രധാന ആരോപണം. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ ദിവസങ്ങളെടുത്ത് മണിക്കൂറുകളോളം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തത് ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് അതിക്രൂരമായാണ് കൈകാര്യം ചെയ്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, നിയമനടപടികൾ തടസപ്പെടുത്തിയും അനാവശ്യമായി ബഹളമുണ്ടാക്കിയും ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.
‘ഭരണപക്ഷത്തിന് വിലവർധനവും തൊഴിലില്ലായ്മയും പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും താൽപര്യമില്ല. പാർലമെന്റിനു പുറത്താകട്ടെ, രാഷ്ട്രീയ വൈരാഗ്യം വച്ച് സോണിയ ഗാന്ധിയെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അപമാനിക്കുന്നു. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിട്ടില്ല’ – കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിയുടെ ഓഫിസുകൾ പോലും പൊലീസ് പോസ്റ്റുകളാക്കിയിരിക്കുകയാണെന്നും അവിടെപ്പോലും പ്രതിഷേധിക്കാൻ അവകാശമില്ലെന്നും സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി.
‘ജനത്തിന്റെ ശബ്ദം അടിച്ചമർത്തി തീർത്തും ജനാധിപത്യ വിരുദ്ധമായ ഈ രീതിയിൽ മുന്നോട്ടു പോകാൻ മോദി സർക്കാരിനെ അനുവദിക്കാനികില്ലെ’ന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും ചൂണ്ടിക്കാട്ടി.
അതേസമയം, ‘രാജ്ഞിയോ യുവരാജാവോ ആയാലും ആരും നിയമത്തിന് അതീതരല്ലെ’ന്ന് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഉന്നമിട്ട് ബിജെപി തിരിച്ചടിക്കുന്നു. ‘രാജ്ഞിയോ യുവരാജാവോ ആരുമാകട്ടെ, അവർ നിയമത്തിന് അതീതരല്ല. കോൺഗ്രസ് പാർട്ടി അവരെ നിയമത്തിനും നിയമസംവിധാനത്തിനും മുകളിലായാണ് കാണുന്നത്. അവർ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? ആദ്യം അന്വേഷണം പൂർത്തിയാകട്ടെ. അങ്ങനെയല്ലേ സത്യം പുറത്തുവരൂ?’’ – പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ചൂണ്ടിക്കാട്ടി

