KSDLIVENEWS

Real news for everyone

കൊലപാതകം,സംഘര്‍ഷം:ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ,കൊലപാതകക്കേസുകളില്‍ അന്വേഷണം ഊര്‍ജിതം

SHARE THIS ON

കര്‍ണാടക: സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ (144 imposed) തുടരുന്നു. കൂടുതല്‍ പൊലീസിനെ(Police) മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ രാത്രി കൊല്ലപ്പെട്ട ഫാസിലിന്‍റെ സംസ്കാരം ഇന്ന് സൂറത്കലില്‍ നടക്കും.

അതേസമയം ഫാസിലിന്‍റെ കൊലപാതക കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് പറയുന്നു. സ്വന്തം കടയുടെ മുന്നില്‍ വച്ചാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം ഫാസിലിനെ വെട്ടിക്കൊന്നത്.മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് ഫാസില്‍. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാള്‍ മരിച്ചു. ഇയാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനാണെന്നാണ് സൂചന

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ പ്രവീണിന്‍റെ വീട് സന്ദര്‍ശിച്ച്‌ ബെംഗളൂരിവിലേക്ക് മടങ്ങിപ്പോയതിന് തൊട്ടു പിന്നാലെയാണ് സൂരത്കലിലെ കൊലപാതകം ഉണ്ടായത്

രണ്ട് ദിവസം കൊലചെയ്യപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്‍റെ കേസിലും കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.പോപ്പുല‌ര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറ‍ഞ്ഞു.

പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയില്‍ എടുത്തത്. കേരളാ രജിസ്ട്രേഷന്‍ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കേരളത്തിലെത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്‍പി, കാസര്‍കോട് എസ്‍പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!