തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍: മംഗളൂരുവില്‍ അതീവ ജാഗ്രത, കേരള പൊലീസും ജാഗ്രതയില്‍

മംഗളൂരു:തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗ്ലൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഫാസിലിന്റെ ഖബറടക്കം സൂറത്കലില് നടത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ കൊലപാതകങ്ങളെ കര്‍ണാടക മുഖ്യമന്ത്രി അപലപിച്ചു.
മുഖം മൂടി അണിഞ്ഞ് വെളുത്ത് ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് ഇന്നലെ രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയില്‍ നടന്ന ഫാസിലിന്‍്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനകൂട്ടമാണ് എത്തിയത്. ഫാസിലിനെ കൊലപ്പെടുത്തിയവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഫാസിലിന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍.
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികാരമാകാം ഫാസില്‍ വധം എന്ന സംശയത്തിനിടെ കൊലപാതകത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അപലപിച്ചു. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താമക്കി. നിലവില്‍ മൂന്ന് പേര് പൊലീസ് കസ്റ്റിഡിയിലുണ്ട്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്കി. മദ്യശാലകള്‍ അടച്ചു.
അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗ്ലൂരു കമ്മീഷ്ണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്ബ് ചെയ്യുകയാണ്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യം ചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.
വടക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു
മംഗളൂരു: മംഗളൂരുവിലെ സൂറത്കലില് യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം. കൂടുതല്‍ പൊലീസിനെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിന്ന്യസിച്ചു. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധന നടക്കുകയാണ്. മംഗളൂരുവില്‍ തുണിക്കട നടത്തുന്ന സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നില്‍ വച്ചാണ് അക്രമികള്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തില്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. അക്രമികള്‍ എത്തിയ കാറിന്റെ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്
സംഘര്‍ഷ സാധ്യത, മംഗളൂരുവില്‍ നിരോധനാജ്ഞ നീട്ടി; ഫാസിലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
മംഗളൂരുവില്‍ വീണ്ടും കൊലപാതകം: യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവില്‍ ക്യാമ്ബ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്ബ് വെട്ടേറ്റ് മരിച്ച യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ സാക്കിര്‍, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്.
കേരള അതിര്‍ത്തിയായ ബെള്ളാരയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഹസന് സ്വദേശിയാണ് സാക്കിര്‍. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തില്‍ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികള്‍ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസില്‍ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്.

